1000 ടണ്‍ ഓക്‌സിജനും 75 ലക്ഷം ഡോസ് വാക്‌സിനും അനുവദിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കേന്ദ്ര സർക്കാറുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

Update: 2021-05-05 09:18 GMT
Advertising

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണം. കേന്ദ്ര സർക്കാറുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് കഴിയാവുന്നത്ര ഓക്സിജൻ ടാങ്കറുകൾ, പിഎസ് എ പ്ലാൻറുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കണം. സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 25 ലക്ഷം ഡോസ് കോ വാക്സിനും അനുവദിക്കണം. സംസ്ഥാനങ്ങൾക്ക് വാക്സിൻ നീക്കി വെക്കുമ്പോൾ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News