സർക്കാരിന് അയ്യപ്പശാപം; ശബരിമലയെ അവഹേളിക്കുന്നു; അയ്യപ്പന്റെ സ്വർണം കട്ട് വിറ്റത് ആരെന്ന് മുഖ്യമന്ത്രി പറയണം: വി.ഡി സതീശൻ‍

2026ൽ യുഡിഫ് അധികാരത്തിലെത്തുമെന്നും അന്ന് ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ മുഴുവനും പിൻവലിക്കുമെന്നും സതീശൻ പറഞ്ഞു.

Update: 2025-10-18 16:31 GMT

ആലപ്പുഴ: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കപടഭക്തിയുടെ പ്രകടനമായിരുന്നു അയ്യപ്പ സംഗമം. ശബരിമലയെ അവഹേളിക്കുന്ന ‌‌സർക്കാരിന് അയ്യപ്പശാപമാണ് ഏറ്റത്. അയ്യപ്പന്റെ സ്വർണം ആരാണ് കട്ട് വിറ്റതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അത്ര വലിയ കവർച്ചയാണ് നിങ്ങൾ നടത്തിയതെന്നും സതീശൻ കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.

Advertising
Advertising

2026ൽ യുഡിഫ് അധികാരത്തിലെത്തുമെന്നും ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ മുഴുവനും പിൻവലിക്കുമെന്നും സതീശൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് പറയാൻ ധൈര്യമുണ്ടോയെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വി.ഡി സതീശൻ വെല്ലുവിളിച്ചു. തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരു വീട് നിർമിച്ചുകൊടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അതിന്റെ താക്കോൽദാനം നിർവഹിച്ചത് കടകംപള്ളി സുരേന്ദ്രനാണ്. അതിന്റെ തന്റെ തെളിവ് കൈയിലു‌‌‌ണ്ടെന്നും സതീശൻ‍ ആരോപിച്ചു. 

'2019ൽ കട്ടതിന് ശേഷം പിന്നെയും മോഷണ ശ്രമം നടത്തി. ഈ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് 2019ൽ ശബരിമലയിലെ സ്വർണം മോഷ്ടിച്ചതെന്ന് അറിയാവുന്ന ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുംകൂടി തിരുവാഭരണ കമ്മീഷണറുടെ കത്ത് മറികടന്ന് വീണ്ടും അയാളുടെ കൈയിൽ തന്നെ കൊടുത്തുവിടാൻ തീരുമാനമെടുത്തു. ഈ സാഹചര്യത്തിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ രാജിവയ്ക്കണം. ദേവസ്വം ബോർഡിനെ പുറത്താക്കണം. വീണ്ടും കക്കാൻ പോയതാണ്. പക്ഷേ അയ്യപ്പൻ ഇടപെട്ടതുകൊണ്ട് രക്ഷപെട്ടു. ഇല്ലെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം കൂടി ഇവന്മാർ അടിച്ചുകൊണ്ടുപോയേനെ'- സതീശൻ ചൂണ്ടിക്കാട്ടി.

'തനിക്ക് കുറച്ചേ കിട്ടിയുള്ളൂ, ബാക്കിയെല്ലാം അവർ കൊണ്ടുപോയി എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. ആരാണ് അടിച്ചുകൊണ്ടുപോയതെന്ന് പിണറായി വിജയൻ പറയണം. അത് മുഖ്യമന്ത്രിക്കറിയാം. അയ്യപ്പന്റെ സ്വർണവും ദ്വാരപാലക ശിൽപവും ആരാണ് കട്ട് കൊണ്ടുപോയി വിറ്റതെന്ന് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയണം. അത്ര വലിയ കവർച്ചയാണ് നിങ്ങൾ നടത്തിയത്. ഭക്തരുടെ മനസിൽ വലിയ മുറിവുണ്ടാക്കിയ സ്വർണക്കൊള്ളയാണ് നിങ്ങൾ നടത്തിയത്. എന്നിട്ട് കപട അയ്യപ്പഭക്തിയുമായി പമ്പയിലേക്ക് പോകുന്നു'.

'സർക്കാരിന് അയ്യപ്പഭക്തിയുണ്ടെങ്കിൽ സുപ്രിംകോടതിയിലെ സത്യവാങ്മൂലവും നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകളും പിൻവലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് നിങ്ങൾ തയാറുണ്ടോ? ഭക്തരും ജനങ്ങളും ഇടപെട്ടില്ലായിരുന്നെങ്കിൽ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ഏതെങ്കിലും കോടീശ്വരന്റെ വീട്ടിലിരുന്നേനെ. അതും വിൽക്കുമായിരുന്നു'.

'കമിഴ്ന്നു വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. ഭ​ഗവാന്റെ സ്വർണം കൊള്ള ചെയ്തവന്റെ കമ്മീഷൻ പറ്റുന്ന ആളുകളുടെ നേതൃത്വമാണ് സർക്കാരിനുള്ളത്. അതിനെതിരായ കേരളത്തിലെ ഭക്തരുടെ പ്രതിഷേധമാണ് കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫ് നടത്തുന്നത്. ‍ഞങ്ങൾ സമരത്തിൽ നിന്ന് പിന്നോട്ടുപോകില്ല. യഥാർഥ കുറ്റവാളികളെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതുവരെ, കവർച്ച ചെയ്ത സാധനങ്ങൾ മുഴുവൻ അയ്യപ്പന്റെ ക്ഷേത്രസന്നിധിയിൽ തിരിച്ചെത്തുംവരെ കോൺഗ്രസും യുഡിഎഫും പോരാട്ടം തുടരും'.

'ഈ സർക്കാരിന്റെ അവസാന നാളുകളാണിത്. കേസുകൾ പിൻവലിക്കാൻ തയാറായില്ലെങ്കിൽ അതിൽ പ്രതികളായ ഭക്തജനങ്ങൾ വിഷമിക്കേണ്ട, 2026 തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തും. തുടർന്ന് ആദ്യം മാസം തന്നെ ഈ കേസുകൾ മുഴുവൻ പിൻവലിക്കും. ഇത് ഞങ്ങളുടെ വാക്കാണ്'- സതീശൻ കൂട്ടിച്ചേർത്തു.

Full View
Full View
Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News