'കോൺഗ്രസ് തകർച്ചയുടെ കൂടാരം, നേതാക്കള്‍ സി.പി.എമ്മിലെത്തുന്നത് ആരോഗ്യകരമായ പ്രവണത'

നാളെ എന്തു നടക്കുമെന്ന് കാത്തിരിക്കാമെന്നും മുഖ്യമന്ത്രി

Update: 2021-09-15 13:48 GMT
Advertising

കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.എമ്മിലെത്തുന്നത് ആരോഗ്യകരമായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ കോൺഗ്രസ് വിടുന്നത് സ്വാഭാവികമാണെന്നും കോൺഗ്രസ് തകർച്ചയുടെ കൂടാരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനപ്പെട്ട നേതാക്കള്‍ തന്നെ സി.പി.എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചത് നല്ലമാറ്റമാണ്. ഇന്നലത്തോടു കൂടി അവസാനിച്ചെന്നു കരുതിയപ്പോള്‍ ഇന്ന് മറ്റൊരു പ്രധാനി സി.പി.എമ്മിലെത്തിയ വാര്‍ത്ത വന്നു. ഈ പ്രവണത ശക്തിപ്പെടും. നാളെ എന്തു നടക്കുമെന്ന് കാത്തിരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  

പരസ്യപ്രതികരണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. നേതൃത്വത്തിനെതിരെ വിമർശനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനിൽകുമാറിന്‍റെ രാജി പ്രഖ്യാപനം. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനിൽ കുമാർ വ്യക്തമാക്കിയിരുന്നു.

കെ.പി അനിൽകുമാറിന് പിന്നാലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാറും ഇന്ന് പാര്‍ട്ടി വിട്ടു. സംഘടനാപരമായ വിഷയങ്ങളിലെ അതൃപ്തിയാണ് രാജിക്കു കാരണമെന്നാണ് രതികുമാറിന്‍റെ വിശദീകരണം. നാൽപ്പതു വർഷമായി കോൺഗ്രസിന്റെ പ്രവർത്തകനായ താൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതായും സംഘടനാപരമായ പല വിഷയങ്ങളും നേരിട്ട് അറിയിക്കാൻ ശ്രമിച്ചിട്ടും നിർഭാഗ്യവശാൽ കഴിഞ്ഞില്ലെന്നും കെ.പി.സി.സി പ്രസിഡണ്ടിനയച്ച കത്തിൽ രതികുമാർ ആരോപിച്ചു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News