'സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നത് ആരോഗ്യ കാരണങ്ങളാൽ'; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
വാർഷികത്തിന്റെ ശോഭ കെടുത്താനാണ് മാധ്യമങ്ങൾ വാർത്ത തെറ്റായി കൊടുക്കുന്നതെന്നും വിശദീകരണം
തിരുവനന്തപുരം:സ്മാർട്ട് റോഡ് ഉദ്ഘാടനത്തിലെ മന്ത്രിമാരുടെ അസ്വാരസ്യങ്ങളു ബന്ധപ്പെട്ട വാർത്തയിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. സ്മാർട്ട് റോഡ് ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് ആരോഗ്യകാരണങ്ങളാലെന്നാണ് വിശദീകരണം..
സര്‍ക്കാറിന്‍റെ വാർഷികത്തിന്റെ ശോഭ കെടുത്താനാണ് മാധ്യമങ്ങൾ വാർത്ത തെറ്റായി കൊടുക്കുന്നത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തി. അന്ന് ഉച്ചക്ക് ശേഷം മൂന്നു പരിപാടികൾ റദ്ദാക്കിയിരുന്നു.കാലവർഷ മുൻകരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്‌ഘാടനവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് റദ്ദാക്കിയത്.
ഇക്കാര്യം വിവിധ മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തതുമാണ്. എന്നാൽ പിന്നീട് മറ്റെന്തോ കാരണങ്ങൾ കൊണ്ടാണ് റോഡ് ഉദ്‌ഘാടന പരിപാടിയിൽ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടി വിജയകരമായി മുന്നേറുമ്പോൾ അതിൻ്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി റോഡുകളുടെ നിർമ്മാണത്തിന്‍റെ അവകാശവാദത്തില്‍ രണ്ടു മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്
കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ തയ്യാറാക്കിയത്. എന്നാൽ ഉദ്ഘാടന സമയത്ത് തദ്ദേശ വകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പൂർണമായി ക്രെഡിറ്റ് ഏറ്റെടുക്കാൻ നീക്കം നടത്തിയതോടെ എതിരഭിപ്രായമുയർന്നെന്നാണ് വിവരം.