രാജ്യത്തിനൊരു കേരള മാതൃക; കാലുഷ്യമകറ്റാൻ മത- സമുദായങ്ങളിലേക്ക് സമുദായ സഹകരണ സമിതി
ഒരു വര്‍ഷത്തെ അധ്വാനമാണെന്നും എല്ലാവരും സഹകരിച്ചെന്നും കൺവീനർ ഗള്‍ഫാര്‍ മുഹമ്മദലി പറഞ്ഞു
കൊച്ചി : വംശീയ വിദ്വേഷവും വർഗീയ ചിന്തകളും ആവേശിച്ച സമൂഹത്തിൽ സമവായത്തിന്റെയും സംവാദത്തിന്റെയും മറുമരുന്നുമായി കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപറേഷൻ (സമുദായ സഹകരണ സമിതി) പ്രവർത്തനം തുടങ്ങി. കേരളത്തിലെ പ്രധാനപ്പെട്ട മത - സമുദായ നേതാക്കളുടെയെല്ലാം പിന്തുണയോടെയാണ് കൂട്ടായ്മയുടെ പ്രവർത്തനം. കൊച്ചിയിൽ നടന്ന യോഗത്തിൽ പ്രമുഖ ഹിന്ദു - ക്രൈസ്തവ - മുസ്ലിം നേതാക്കളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം.
സമുദായങ്ങൾ തമ്മിലുള്ള ബന്ധം ഊൗഷ്മളമാക്കുകയും തെറ്റിദ്ധാരണകൾ ഉണ്ടായാൽ അടിയന്തര പരിഹാരം കാണുകയും സ്പർദ്ധകൾ പാടേ ഒഴിവാക്കുകയുമാണ് കൂട്ടായ്മയുടെ ലക്ഷ്യം. സാമൂഹ്യ മാധ്യമങ്ങൾ വഴി സൃഷ്ടിക്കപ്പെടുന്ന മാനസിക വിഭജനവും വിദ്വേഷവും ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി.ഇതിനെ മറികടക്കാനുള്ള പരിശ്രമങ്ങളിൽ കൂട്ടായ്മ വ്യാപൃതരാകും. ഭരണഘടനാ മൂല്യങ്ങൾക്കും എല്ലാവർക്കും തുല്യ അവകാശം ലഭ്യമാക്കാനുമായുള്ള ഇടപെടലുകളിൽ സജീവമാകും. ഇതിനായി സമയാസമയങ്ങളിൽ ഉത്തരാവാദപ്പെട്ടവരെ സന്ദർശിച്ചും യോഗങ്ങൾ വിളിച്ച് ചേർത്തും സമിതി ഇടപെടലുകൾ നടത്തും.
സ്വാമി ശ്രീഹരിപ്രസാദ്, ഫാ ഡോ.ആന്റണി വടക്കേക്കര , പി രാമചന്ദ്രൻ ,സ്വാമി അപ്‌സരാനന്ദ , ഫാദർ ഡോ. തോമസ് വർഗീസ് , ഫാദർ ജെൻസൺ പുത്തൻവീട്ടിൽ , ഡോ.ബഹാവുദ്ദീൻ നദ് വി , എം എ അബ്ദുൽ അസീസ്, ഫാ ഫ്രാൻസിസ് സേവ്യർ, ഡോ.ഹുസൈൻ മടവൂർ, ഫാ സ്ലീബാ കാട്ടുമങ്ങാട്, ഫാ ബേസിൽ എബ്രഹാം, തുടങ്ങി 40 നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഇവർക്ക് പുറമേ പി കെ കുഞ്ഞാലിക്കുട്ടി, അഡ്വ ജോർജ്ജ് പൂന്തോട്ടം, ഡോ ഫസൽ ഗഫൂർ, ശ്രീ റോണി വർഗ്ഗീസ്, റഷീദലി തങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
എല്ലാ സമുദായങ്ങൾക്കും പങ്കാളിത്തമുള്ള ജനറൽ കൗൺസിൽ , പ്രവർത്തക സമിതി തുടങ്ങിയവയും കൂട്ടായ്മക്ക് ഉണ്ടാകും. പ്രശസ്തനായ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഡോ. പി മുഹമ്മദലി ( ഗൾഫാർ ) യാണ് കൺവീനർ. മുഹമ്മദലി പറഞ്ഞു. ക്രൈസ്തവ സഭകളുടെ തലവൻമാർ , ഹിന്ദു സമുദായ സംഘടനാ നേതാക്കൾ , ആചാര്യൻമാർ , മുസ്ലിം സംഘടനാ നേതാക്കൾ തുടങ്ങിയവരെ പലവട്ടം സന്ദർശിച്ചും ചർച്ച ചെയ്തുമാണ് ഈ കൂട്ടായ്മക്ക് രൂപം നൽകിയത്. കാലഘട്ടത്തിന്റെ ആവശ്യമാണ് ഈ കൂട്ടായ്മ . പ്രശ്‌നക്കാർ എല്ലായിടത്തുമുണ്ട്. അവരെ തുരത്തണം എന്നാണ് കർദിനാൾ ആലഞ്ചേരി പറഞ്ഞത്. കൂടുതൽ നല്ല അഭിപ്രായങ്ങൾ പറഞ്ഞ് വഴി നടത്താൻ പല നേതാക്കളും തയ്യാറായി. സ്വാമി ഹരിപ്രസാദിനെ പോലുള്ളവർ കൂട്ടായ്മയുടെ മുന്നിൽ നടന്നുവെന്നും മുഹമ്മദലി പറഞ്ഞു. പ്രവർത്തക സമിതി മൂന്ന് മാസത്തിലൊരിക്കലും ജനറൽ ബോഡി ആറുമാസത്തിൽ ഒരിക്കലും ചേരും.