ദിവാകരൻ പുറത്ത്; പ്രായ പരിധി നടപ്പാക്കി സിപിഐ

മൂന്നാം തവണയും കാനം സെക്രട്ടറിയായേക്കും

Update: 2022-10-03 06:47 GMT

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ പ്രായ പരിധി നടപ്പിലാക്കി. 75ലധികം പ്രായമുള്ളവരെ കൗണ്‍സിലില്‍ ഉള്‍പെടുത്തില്ല. ഇതോടെ  സംസ്ഥാന കൗൺസിലിൽ നിന്നും സി. ദിവാകരൻ പുറത്തായി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ സി ദിവാകരൻ ഇല്ല. പ്രായ പരിധി നടപ്പിലാക്കുന്നതോടെ കാനം മൂന്നാമതും സെക്രട്ടറിയാകാനാണ് സാധ്യത.

സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം സമവായ നീക്കം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന കൗൺസിലിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കൊല്ലം, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ മത്സരത്തിന് സാധ്യതയുണ്ട്.

Advertising
Advertising

അതേസമയം കാനം മൂന്നാം തവണയും സെക്രട്ടറിയായി വന്നാല്‍ അത് എതിർശബ്ദങ്ങളില്ലാതെ ആകരുതെന്നാണ് വിരുദ്ധ പക്ഷം പറയുന്നത്. കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനും പ്രകാശ് ബാബുവിനെ എതിർ സ്ഥാനാർഥിയായി നിർത്താനുമായിരുന്നു കാനം വിരുദ്ധരുടെ ആലോചന. പ്രായപരിധി നടപ്പാക്കിയാൽ ദിവാകരനൊപ്പം കെ.ഇ ഇസ്മയിലും നേതൃനിരയിൽ നിന്ന് പുറത്ത് പോകും. 

എന്നാല്‍ 80 കഴിഞ്ഞ കെ.ഇ ഇസ്മയിലും സി.ദിവാകരനും നേതൃത്വത്തിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നാൽ നേതൃത്വം വെട്ടിലാകും. ഇന്നലെ നടന്ന ചർച്ചയിൽ നേതൃത്വത്തിനും കെ.ഇ ഇസ്മയിലിനും സി.ദിവാകരനും എതിരെ വിമർശനം ഉയർന്നിരുന്നു. സമ്മേളനത്തിന് തൊട്ട് മുൻപ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ഇസ്മയിലിനും ദിവാകരനുമെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. കാനം രാജേന്ദ്രൻ സംസ്ഥാന കൗൺസിലിനെ നോക്ക് കുത്തിയാക്കി എന്നതായിരിന്നു വിമർശനം. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News