'രണ്ട് ഏട്ടൻമാരും മാമായുടെ മകനും കൂടിയാണ് ഇവിടെ കൊണ്ടിട്ടത്'; എറണാകുളത്ത് കിടപ്പുരോഗിയെ വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി
നാട്ടുകാർ വിവരമറിയിച്ചതോടെ നോർത്ത് പൊലീസ് സ്ഥലത്തെത്തി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി
കൊച്ചി: എറണാകുളത്ത് കിടപ്പുരോഗിയെ വഴിയിൽ ഉപേക്ഷിച്ചതായി പരാതി. മതിലകം സ്വദേശി ഷംസുദ്ദീനെ ബന്ധുക്കൾ ഉപേക്ഷിച്ചെന്നാണ് പരാതി.
നോർത്ത് പാലത്തിനടിയിലെ റോഡരികിൽ നാട്ടുകാരാണ് അവശനിലയിൽ കഴിയുന്ന ഷംസുദ്ദീനെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ ബന്ധുക്കൾ ഉപേക്ഷിച്ചെന്നാണ് ഷംസുദ്ദീൻ്റെ പരാതി. ഭാര്യ മരിച്ചതിനെ തുടർന്ന് മറ്റൊരു വിവാഹം കഴിച്ച് കണ്ണൂരിലായിരുന്നു താമസമെന്നും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മതിലകത്തെ വീട്ടിലെത്തിയ തന്നെ ബന്ധുക്കൾ സ്വീകരിച്ചില്ലെന്നും ഷംസുദ്ദീൻ പറയുന്നു.
ആരോപണങ്ങൾ ഷംസുദ്ദീൻ്റെ ബന്ധുക്കൾ നിഷേധിച്ചെന്നാണ് പൊലീസ് പറയുന്നത്. കാര്യങ്ങളിൽ വ്യക്തത വരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം. ജില്ലാ സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഷംസുദ്ദീനെ കൂവപ്പടിയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.