പണമിടപാടിനെച്ചൊല്ലി തർക്കം: യുവാവിനെ ബോണറ്റിൽ കിടത്തി അഞ്ചുകിലോമീറ്റര്‍ കാര്‍ ഓടിച്ചതായി പരാതി
കുറ്റൂർ സ്വദേശി ബക്കറിനെതിരെ കേസെടുത്തു
തൃശൂര്‍: തൃശൂരിൽ ബിസിനസ് ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ യുവാവിനെ കാറിന്റെ ബോണറ്റിൽ കിടത്തി അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതായി പരാതി. ആലുവ സ്വദേശി സോളമനെയാണ് ബോണറ്റിൽ കിടത്തി അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. സംഭവത്തിൽ കുറ്റൂർ സ്വദേശി ബക്കറിനെതിരെ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പണമിടപാടിനെച്ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായിരുന്നു. വര്‍ക്ക് ഷോപ്പിലുണ്ടായിരുന്ന സോളമന്‍റെ വാഹനം ദിവസങ്ങള്‍ക്ക് മുന്‍പ് ബക്കര്‍ കൈക്കലാക്കിയിരുന്നു.ഇത് ചോദിക്കാന്‍ ചെന്നപ്പോഴാണ് തന്നെ ഇടിക്കുകയും ബോണറ്റില്‍ കയറ്റി അഞ്ചുകിലോമീറ്ററോളം വാഹനം ഓടിച്ചുപോയെന്നും സോളമന്‍റെ പരാതിയില്‍ പറയുന്നു.
ബോണറ്റില്‍ കിടന്നുകൊണ്ട് സോളമന്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തുടര്‍ന്ന് നാട്ടുകാരാണ് വാഹനം നിര്‍ത്തിപ്പിച്ച് ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ചടക്കം അന്വേഷിച്ച് വരികയാണെന്ന് എരുമപ്പെട്ടി പൊലീസ് അറിയിച്ചു.