മേപ്പാടി പോളിടെക്‌നിക്കിലെ സംഘർഷം; അറസ്റ്റിലായ വിദ്യാർത്ഥികളുടെ ബൈക്ക് കത്തിച്ച നിലയിൽ

വടകര സ്വദേശി കെപി അതുലിന്റെയും ഏറാമല സ്വദേശി കിരൺ രാജിന്റെയും ബൈക്കുകളാണ് നശിപ്പിച്ചത്

Update: 2022-12-06 09:46 GMT
Editor : banuisahak | By : Web Desk
Advertising

വയനാട്: വയനാട് മേപ്പാടി പോളിടെക്നിക്കിലെ സംഘർഷത്തിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരുടെ ബൈക്കുകൾ കത്തിച്ച നിലയിൽ. വടകര സ്വദേശി കെപി അതുലിന്റെയും ഏറാമല സ്വദേശി കിരൺ രാജിന്റെയും ബൈക്കുകളാണ് നശിപ്പിച്ചത്. വെള്ളിയാഴ്ചയുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിക്ക് ഗുരുതരമായ പരിക്കാണേറ്റത്. 

അപര്‍ണയെ മര്‍ദിച്ച കെ.എസ്.യു- എം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് എസ്എഫ്ഐ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ നിലപാടെടുത്തതിനാണ് അപർണയെ ആക്രമിച്ചതെന്നും ആരോപണമുണ്ട്. മേപ്പാടിയിലെ അക്രമത്തിനു പകരം ചോദിക്കുമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് കെഎസ്‌യു പ്രവർത്തകരുടെ ബൈക്ക് കത്തിച്ചത്. 

ഇതിനിടെ, പേരാമ്പ്രയില്‍ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റതും ഈ സംഘർഷത്തിന്റെ തുടർച്ചയാണെന്നാണ് കെഎസ്‌യു  ആരോപിക്കുന്നത്. മേപ്പാടി പോളിടെക്നിക്ക് കോളേജ് വിദ്യാർത്ഥി അഭിനവിനാണ് മർദ്ദനമേറ്റത്. എസ്എഫ്ഐക്കാർ ഉൾപ്പെട്ട സംഘമാണ് മർദ്ദിച്ചതെന്നാണ് ആരോപണം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News