ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിൻറെ ചക്രസ്തംഭന സമരം

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം സമരം സംഘടിപ്പിക്കാനായിരുന്നു കെ.പി.സി.സിയുടെ നിർദേശം.

Update: 2021-11-08 08:21 GMT
Advertising

ഇന്ധന നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി. ജില്ലാ കേന്ദ്രങ്ങളിൽ 15 മിനുട്ട് വാഹനം നിർത്തിയിട്ടായിരുന്നു കോണ്‍ഗ്രസിന്‍റെ സമരം. രാവിലെ 11 മണി മുതൽ 11.15 വരെയാണ് സമരം സംഘടിപ്പിച്ചത്.




തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നും പാളയം-വെള്ളയമ്പലം വഴി രാജ്‌ഭവന്‍ വരെയുള്ള സമരം കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്‍ ഉദ്‌ഘാടനം ചെയ്തു. നേരത്തെ ഇന്ധന വില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധനത്തിനെതിരെ നടൻ ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ജോജുവിന്‍റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. ഈ സംഭവം വലിയ വിവാദങ്ങളിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചിരുന്നു.

കൊച്ചിയിൽ സമരത്തിനിടെയുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രതയോടെയായിരുന്നു പ്രതിഷേധം. എന്നാല്‍ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് ജില്ലയില്‍ സംഘർഷമുണ്ടായി. വി.കെ ശ്രീകണ്ഠൻ എം.പിയും പൊലീസും തമ്മിൽ വാക്കേറ്റവും, ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. നിരവധി കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പാലക്കാട് നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ സുൽത്താൻപേട്ട ഉപരോധിക്കാൻ അനുവദിക്കില്ലന്നായിരുന്നു പൊലീസ് നിലപാട്. ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം പിന്നീട് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം സമരം സംഘടിപ്പിക്കാനായിരുന്നു കെ.പി.സി.സിയുടെ നിർദേശം. പ്രക്ഷോഭം ജനകീയ സമരമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. അതേസമയം ജോജു ജോർജിന്‍റെ കാർ തകർത്ത കേസിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കീഴടങ്ങും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News