കോൺ​ഗ്രസിലെ പോര്; ഘടക കക്ഷികൾക്ക് കടുത്ത അതൃപ്തി, യു.ഡി.എഫ് നേതൃയോഗം ഇന്ന്

കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വന്നതിന് ശേഷം നടക്കുന്ന ആദ്യസമ്പൂർണ യുഡിഎഫ് യോഗമാണ് ഇന്ന് നടക്കുക

Update: 2021-09-06 01:14 GMT
Advertising

കോണ്‍ഗ്രസില്‍ തർക്കം തുടരുന്നതിനിടെ യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോണ്‍ഗ്രസിലെ പരസ്യ ഏറ്റുമുട്ടലിലെ ആശങ്ക ഘടകകക്ഷികള്‍ യോഗത്തില്‍ ഉന്നയിക്കും. കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വന്നതിന് ശേഷം നടക്കുന്ന ആദ്യസമ്പൂർണ യുഡിഎഫ് യോഗമാണ് ഇന്ന് നടക്കുക. ഉച്ചക്ക് 2.30 നാണ് യോഗം. കോണ്‍ഗ്രസ് നേതാക്കൾ തമ്മിലുള്ള പോര് അവസാനിക്കാത്തതിൽ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്.

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മുന്നണിയെ കൂടുതല്‍ ദുർബലപ്പെടുത്തമെന്ന ആശങ്ക യോഗത്തിൽ ഘടകകക്ഷികൾ പങ്കുവെയ്ക്കും. കോൺഗ്രസ് ഒറ്റകെട്ടായി മുന്നോട്ട് പോകണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരിട്ട് നടത്തിയ സമവായ ചർച്ചയുടെ പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിനെത്തും. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള കെപിസിസി അന്വേഷണ സമിതി റിപോര്‍ട്ടില്‍ പാർട്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അതൃപ്തരാണ്. ഇക്കാര്യം ജോസഫ് വിഭാഗം മുന്നണി യോഗത്തില്‍ ചൂണ്ടിക്കാട്ടും.

കെ - റെയില്‍ പദ്ധതി സംബന്ധിച്ച നിലപാടും മുന്നണി യോഗത്തില്‍ ചർച്ചയാകും. യുഡിഎഫ് ഉപസമിതി സമർപ്പിച്ച റിപ്പോർട്ട് മുന്‍നിർത്തിയാകും ചർച്ച. കെ റെയില്‍ പദ്ധതിയെ എതിർക്കണമെന്ന നിർദേശമാണ് ഉപസമിതി മുന്നോട്ട് വെച്ചിട്ടുളളത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആർ.എസ്.പി ഉന്നയിച്ച പരാതികള്‍ ചർച്ച ചെയ്യുന്നതിന് യുഡിഎഫ് യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം ആർ എസ് പിയുമായി ഉഭയകക്ഷി ചർച്ചയും നടത്തും. രാവിലെ പതിനൊന്നരക്കാണ് കോണ്ഗ്രസ് - ആർ.എസ്.പി ഉഭയകകക്ഷി ചർച്ച.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News