Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനം. പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലുള്ള വിയോജിപ്പും റിപ്പോര്‍ട്ടിലുണ്ട്. ബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യമാണെന്ന് കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
കഴിഞ്ഞ സംസ്ഥാന സമ്മേളനം മുതല്‍ ഈ സംസ്ഥാന സമ്മേളനം വരെയുള്ള പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കള്ള് വ്യവസായത്തോട് സര്‍ക്കാര്‍ അവഗണനയാണ്. സര്‍ക്കാരിന് കൂടുതല്‍ താല്പര്യം വിദേശ മദ്യ വ്യവസായത്തില്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സര്‍ക്കാരിന്റെ മുന്‍ഗണനാക്രമത്തില്‍ മാറ്റം വരുത്തണം.
സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. ഇടതുമുന്നണിയുടെ പ്രവര്‍ത്തനം ശക്തമാക്കണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ നേട്ടം കുറച്ചു കാണരുത്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്.
പൂരം കലക്കലും എം.ആര്‍ അജിത് കുമാറും എല്ലാം പൊലീസേനയുടെ ശോഭ കെടുത്തി എന്നാണ് മറ്റൊരു കുറ്റപ്പെടുത്തല്‍..പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
ഈ മാസം 21 മുതല്‍ ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയവും സംസ്ഥാന സമ്മേളനം ചര്‍ച്ചചെയ്യുന്നുണ്ട്.ബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യമാണ്. നേതൃത്വത്തില്‍ പുതിയ തലമുറ വികസിക്കണമെന്നും,സിപിഐക്ക് വേണ്ടത് സ്വയം നവീകരണം ആണെന്നും പ്രമേയത്തില്‍ പറയുന്നു.