ലക്ഷദ്വീപ് സന്ദർശിക്കാൻ സിപിഎം എംപിമാര്‍ക്ക് അനുമതിയില്ല

വി ശിവദാസൻ, എ എം ആരിഫ് എന്നീ എംപിമാരാണ് ദ്വീപ് സന്ദർശിക്കാൻ അപേക്ഷ നൽകിയത്.

Update: 2021-05-30 08:18 GMT

ലക്ഷദ്വീപ് സന്ദർശിക്കാൻ സിപിഎം സംഘത്തിന് അനുമതി നിഷേധിച്ചു. സിപിഎം എംപിമാരുടെ സംഘം നൽകിയ അപേക്ഷയാണ് അഡ്മിനിസ്ട്രേഷൻ തള്ളിയത്. കോവിഡ് സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനെതിരെ പ്രതിഷേധം നടത്താനാണ് സിപിഎമ്മിന്‍റെ തീരുമാനം.

വി ശിവദാസൻ, എ എം ആരിഫ് എന്നീ എംപിമാരാണ് ദ്വീപ് സന്ദർശിക്കാൻ അപേക്ഷ നൽകിയത്. യാത്ര മുടക്കാൻ അഡ്മിനിസ്ടേഷൻ ശ്രമിക്കുന്നുവെന്ന് എളമരം കരിം പറഞ്ഞു. ദ്വീപിലെ യഥാർത്ഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. നേരത്തെ എഐസിസി സംഘത്തിനും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. സമാനമായ കാരണങ്ങള്‍ പറഞ്ഞാണ് അനുമതി നിഷേധിച്ചത്.

Advertising
Advertising

അതിനിടെ ലക്ഷദ്വീപിലെ ബിജെപി നേതാക്കളെ കേന്ദ്രനേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ ഖാദർ, വൈസ് പ്രസിഡന്‍റ് കെ.പി മുത്തുകോയ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളില്‍ നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു. നിലവിലെ നിയമങ്ങൾ മാറ്റണമെന്നാണ് ദ്വീപിലെ ബിജെപിയുടെ നിലപാട്.

അതേസമയം ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ കിരാത നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. അഡ്മിനിസ്ട്രേറ്റര്‍ക്കും കലക്ടര്‍ക്കുമെതിരെ പ്രതിഷേധിച്ചതിന് ഇന്നലെ 11 പേരെ കൂടി അറസ്റ്റ് ചെയ്തു. കില്‍ത്താനില്‍ കലക്ടറുടെ കോലം കത്തിച്ച 12 പേരെ നേരത്തെ റിമാന്‍റ് ചെയ്തിരുന്നു. ഈ 23 പേരെയും കമ്യൂണിറ്റി ഹാളിലാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

ഒരുമിച്ച് പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച 'സേവ് ലക്ഷദ്വീപ്' ഫോറത്തിന്‍റെ കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍ ചേരും. മറ്റന്നാള്‍ ചേരുന്ന യോഗത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News