Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂര്‍: സ്കൂളിലെ ഓണാഘോഷത്തിൽ മുസ്‌ലിം കുട്ടികൾ പങ്കെടുക്കേണ്ടതില്ലെന്ന് അധ്യാപിക വാട്സാപ്പ് സന്ദേശം അയച്ച സംഭവത്തിൽ പ്രധിഷേധവുമായി ഡിവൈഎഫ്ഐ. തൃശൂര്‍ പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഞങ്ങളാരും ഈ സ്‌കൂളിലേക്ക് ഇരച്ചുകയറാനോ കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനോ വന്നതല്ല. കേരളത്തിനകത്ത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഒരു വാട്‌സ്ആപ്പ് മെസ്സേജാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും ആവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷ് പറഞ്ഞു.
വര്‍ഗീയ വിഷം ചീറ്റുന്ന മാനേജ്‌മെന്റായി ഈ മാനേജ്‌മെന്റ് മാറുകയാണ്. ഇതിനെതിരെയാണ് ഈ പ്രതിഷേധം. കൃത്യമായ സംവിധാനമേര്‍പ്പെടുത്തി പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ഇതൊരു സൂചനമാത്രമാണെന്നും വലിയ രൂക്ഷമായ സമരങ്ങളുമായി സ്‌കൂള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്ക് ഇവിടുത്തെ ജനങ്ങളെ സംഘടിപ്പിച്ച് വരുമെന്നും സുരേഷ് കൂട്ടിച്ചേർത്തു.
ഓണാഘോഷ പരിപാടികള്‍ കേരളത്തിനകത്ത് ഒരു ദേശീയ ഉത്സവം പോലെ കൊണ്ടാടുമ്പോള്‍ ആ ഓണത്തെ ഒരു വര്‍ഗീയപരമായി ചിത്രീകരിച്ചുകൊണ്ട് മാനേജ്‌മെന്റിന്റെയോ അല്ലെങ്കില്‍ അവരുടെ അറിവില്ലാതെയോ മറ്റൊരു അധ്യാപിക നടത്തിയുട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. നിങ്ങൾക്ക് മതമാണ് വലുതെന്നും വിദ്യാഭ്യാസമല്ല പകർന്നു നൽകാൻ താത്പര്യമെന്നും ഞങ്ങൾക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ ഈ സ്കൂളിൽ നിന്ന് പുറത്ത് പോകണം എന്നാണ് ശക്തമായി പറയുന്നതെന്ന് ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക് സെക്രട്ടറി ഹസൻ പറഞ്ഞു.
വിദ്വേഷവും വര്‍ഗീയ ചേരിതിരിവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഈ കേരളത്തിനകത്ത് നടക്കില്ല. സംഭവത്തില്‍ വ്യക്തമായ മറുപടി ഞങ്ങള്‍ക്ക് കിട്ടേണ്ടതുണ്ട്. നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ സൂചനാ സമരം വരും ദിവസങ്ങളില്‍ സ്‌കൂളിലേക്ക് ഇരച്ചുകയറും എന്നാണ് ഡിവൈഎഫ്‌ഐക്ക് പറയാനുള്ളതെന്നും ഹസൻ വ്യക്തമാക്കി.
ഓണാഘോഷത്തിൽ മുസ്‌ലിം കുട്ടികൾ പങ്കെടുക്കേണ്ടതില്ലെന്ന വാട്സാപ്പ് സന്ദേശം അയച്ച അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വർഗീയ പരാമർശം നടത്തി എന്ന് ആരോപിച്ച് ഡിവൈഎഫ്ഐ നൽകിയ പരാതിയിലാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. അധ്യാപകർക്കെതിരെ മതസ്പർദ്ധ വളർത്തുന്നത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
തൃശൂര്‍ പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികമാരാണ് രക്ഷിതാക്കൾക്ക് വാട്സാപ് സന്ദേശം അയച്ചത്. സംഭവം വിവാദമായതോടെ അധ്യാപികമാരെ സ്കൂൾ സസ്പെൻഡ് ചെയ്തു. സ്കൂളിലെ ഓണാഘോഷം മുൻ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി.