നിലമ്പൂരിലെ സിപിഎം സ്ഥാനാർഥി ചർച്ചക്ക് ഇന്ന് തുടക്കം; സ്വതന്ത്ര സ്ഥാനാർഥിക്ക് സാധ്യത
പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ എം.സ്വരാജിന്റെ പേരിനാകും പ്രഥമ പരിഗണന
Update: 2025-05-27 00:58 GMT
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ ഇന്ന് ആരംഭിക്കും. ഇന്ന് നിലമ്പൂരിൽ ചേരുന്ന മണ്ഡലം കമ്മിറ്റി യോഗം പ്രാഥമിക സ്ഥാനാർഥി പട്ടിക തയ്യാറാക്കും.
സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. പൊതുസ്വതന്ത്രനെ പരിഗണിക്കണം എന്നാണ് ഇതുവരെയുള്ള പാർട്ടി നിലപാട്. യു.ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, എം തോമസ് മാത്യു എന്നിവർ ചർച്ചയിലുണ്ട്.
പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ എം.സ്വരാജിന്റെ പേരിനാകും പ്രഥമ പരിഗണന. ഡിവൈഎഫ്ഐ ജില്ലാപ്രസിഡൻറ് പി. ഷബീറിന്‍റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. യുഡിഎഫിന് സ്ഥാനാർഥിയായ സാഹചര്യത്തിൽ അധികം വൈകാതെ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.