കോവിഡ് തീവ്രവ്യാപനത്തിനിടെ പാർട്ടി സമ്മേളനങ്ങൾ; കോടതി ഇടപെടലിൽ വെട്ടിലായി സി.പി.എം

കോവിഡ് മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുമ്പാണ് സി.പി.എം സമ്മേളനങ്ങൾ തീരുമാനിച്ചതെങ്കിലും ജില്ലാ സമ്മേളനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതോടെ രോഗവ്യാപനം തീവ്രമായി. ദിനംപ്രതി രോഗികളുടെ എണ്ണം വർധിച്ചതോടെ സമ്മേളനങ്ങൾ മാറ്റിവെയ്ക്കണമെന്നാവശ്യം പ്രതിപക്ഷം അടക്കം ഉയർത്തിയെങ്കിലും സി.പി.എം വഴങ്ങിയില്ല.

Update: 2022-01-22 01:03 GMT

കോവിഡ് തീവ്രവ്യാപനത്തിനിടെ പാർട്ടി സമ്മേളനങ്ങൾ നടത്തിയ സി.പി.എമ്മിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം. സമ്മേളനങ്ങളിൽ പങ്കെടുത്ത നിരവധിയാളുകൾക്ക് രോഗം ബാധിച്ചതിന് പിന്നാലെ കാസർകോട് സമ്മേളനത്തിൽ ഹൈക്കോടതി ഇടപെടൽ കൂടി വന്നത് പാർട്ടിക്ക് ഇരുട്ടടിയായി. കോവിഡ് ആദ്യ തരംഗത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച സി.പി.എമ്മിന് ഇപ്പോൾ മറുപടിയില്ലാത്ത അവസ്ഥയാണ്.

കോവിഡ് മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുമ്പാണ് സി.പി.എം സമ്മേളനങ്ങൾ തീരുമാനിച്ചതെങ്കിലും ജില്ലാ സമ്മേളനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതോടെ രോഗവ്യാപനം തീവ്രമായി. ദിനംപ്രതി രോഗികളുടെ എണ്ണം വർധിച്ചതോടെ സമ്മേളനങ്ങൾ മാറ്റിവെയ്ക്കണമെന്നാവശ്യം പ്രതിപക്ഷം അടക്കം ഉയർത്തിയെങ്കിലും സി.പി.എം വഴങ്ങിയില്ല. തിരുവനന്തപുരം ജില്ലാ സമ്മേളനം കഴിഞ്ഞതോടെ പ്രതിനിധികളിൽ പലർക്കും രോഗം ബാധിച്ചതോടെ സി.പി.എം നേരിടുന്ന പ്രതിസന്ധി വർധിച്ചു. കോവിഡ് പ്രോട്ടോകോൾ സമ്മേളനങ്ങളിൽ പാലിക്കുന്നുണ്ടെന്ന് നേതാക്കൾ വാദിച്ചെങ്കിലും രോഗികളുടെ എണ്ണം ഇതിനെ ഖണ്ഡിക്കുന്നതായിരിന്നു.

Advertising
Advertising

പ്രോട്ടോകോൾ പാലിക്കാതെ തിരുവനന്തപുരത്തും, തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചതോടെ ഭരിക്കുന്ന പാർട്ടിക്ക് കോവിഡ് മാനദണ്ഡം ബാധകമല്ലെ എന്ന ചോദ്യമുയർന്നു. അപ്പോഴും പിന്നോട്ട് പോകാൻ സി.പി.എം തയാറായില്ല. കഴിഞ്ഞ ദിവസം പൊതുജനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം മറ്റ് ജില്ലാ സമ്മേളനങ്ങൾ നടത്താനാണ് സി.പി.എം തീരുമാനിച്ചത്. കാസർകോട് ജില്ലാ സമ്മേളനത്തിൽ ഹൈക്കോടതി ഇടപെട്ട ശേഷമാണ് ഒരു ദിവസം കൊണ്ട് സമ്മേളന നടപടികൾ പൂർത്തീകരിക്കാൻ സി.പി.എം തീരുമാനിച്ചത്. തൃശൂർ സമ്മേളനം പെട്ടന്ന് അവസാനിപ്പിക്കാനാണ് തീരുമാനം. ആലപ്പുഴ സമ്മേളനത്തിൽ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയിനുള്ളത്.

കോവിഡിന്റെ ആദ്യ തരംഗത്തിനിടെ ചില പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയത്. കോൺഗ്രസ് മരണത്തിന്റെ വ്യാപാരികളായി മാറുന്നുവെന്നായിരുന്നു വിമർശനം. അതേ വിമർശനം തിരിച്ച് ഉന്നയിച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം. അന്നത്തെക്കാൾ രോഗതീവ്രത നിലനിൽക്കുന്ന ഇക്കാലത്ത് ഭരിക്കുന്ന പാർട്ടിയായ സി.പി.എമ്മിന് എങ്ങനെ സമ്മേളനങ്ങൾ നടത്താൻ കഴിയുമെന്ന ചോദ്യം ഉയരുമ്പോഴും നേതൃത്വം കൃത്യമായ മറുപടികൾക്ക് തയ്യാറാകുന്നില്ല.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News