ആർഎസ്എസ് ശാഖയിലെ പീഡനത്തെ തുടർന്ന് യുവാവിന്റെ ആത്മഹത്യ: പൊലീസിൽ പരാതി നൽകി സിപിഎം

ആർഎസ്എസ് ശാഖയിൽ നടക്കുന്ന ഇത്തരം അസാന്മാർഗിക പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരണമെന്നും അനന്തു സജിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നും പരാതിയിൽ പറയുന്നു.

Update: 2025-10-11 06:15 GMT

Photo| Special Arrangement

കോട്ടയം: ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് ‌ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കിയതിൽ സിപിഎമ്മും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകി. കോട്ടയം എലിക്കുളം സ്വദേശി അനന്തു സജിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

സിപിഎം എലിക്കുളം ലോക്കൽ കമ്മിറ്റി പൊൻകുന്നം പൊലീസിനും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കുമാണ് പരാതി നൽകിയത്.

ആർഎസ്എസ് ശാഖയിൽ നടക്കുന്ന ഇത്തരം അസാന്മാർഗിക പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരണമെന്നും അനന്തു സജിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നും പരാതിയിൽ പറയുന്നു. അനന്തു നേരിട്ട പീഡനങ്ങൾ അത്രത്തോളം ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Advertising
Advertising

യുവാവിനെ പീഡിപ്പിച്ച ആർഎസ്എസ് ശാഖാ പ്രമുഖിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജും ആവശ്യപ്പെട്ടു. ശാഖയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നാണ് ആത്മഹത്യാ കുറിപ്പ്. ശാഖയിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ എത്രയോ കാലമായി പറയുന്നു. ആർഎസ്എസ് ശാഖയിലേക്ക് തെറ്റിധാരണ മൂലം പോയവർക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും വി.കെ സനോജ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഐടി പ്രൊഫഷണൽ അനന്തു സജിയെ തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.

ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരതകൾ മരണമൊഴിയായി എഴുതി ഇൻസ്റ്റ​ഗ്രാമിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു ജീവനൊടുക്കിയത്. നാല് വയസുളളപ്പോൾ തന്നെ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആൾ മൂലം ഒസിഡി (ഒബ്സസീവ് കംപൾസീവ് ഡിസോർഡർ) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പിൽ പറയുന്നത്.

അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ടുനടക്കുന്നവരാണ് ആർഎസ്എസുകാരെന്നും യുവാവ് പറയുന്നു. ലൈംഗിക പീഡനം മാത്രമല്ല ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് തല്ലിയിട്ടുണ്ട്. അവർ ഒരുപാട് പേരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാമ്പിൽ നടക്കുന്നത് പീഡനങ്ങളാണ്. താൻ ഇതിൽ നിന്ന് പുറത്തുവന്നതുകൊണ്ടാണ് ഇത് പറയാൻ പറ്റുന്നതെന്നും യുവാവ് ആത്മഹത്യാക്കുറിപ്പിൽ വിശദമാക്കുന്നു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News