Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
എറണാകുളം: തിരുവനന്തപുരം വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി സിപിഎം ഏരിയ സമ്മേളനം നടത്തിയ കേസിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹരജി. പൊതുഗതാഗതം തടസപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയുള്ള കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹരജി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എന്നിവരാണ് എതിർകക്ഷികൾ.
പാളയം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. വഞ്ചിയൂർ കോടതി പരിസരത്ത് നിന്ന് പൊലീസ് സ്റ്റേഷൻ വരെ നീളുന്ന റോഡിന്റെ ഒരുവശം അടച്ചുകെട്ടിയാണ് സിപിഎം പാളയം ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദി പണിതത്. രണ്ട് വരി ഗതാഗതം അതോടെ ഒരുവരിയിലേക്ക് ചുരുങ്ങി. റോഡരികിലെ പാർക്കിംഗ് കൂടിയായപ്പോൾ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.