'വോട്ടർപട്ടിക റിവിഷൻ തെര.കമ്മീഷൻ ടാറ്റ കൺസൾട്ടൻസിയെ ഏൽപ്പിച്ചു'; തൃശൂരിലെ വോട്ട് തട്ടിപ്പ് നടന്നത് ചെന്നൈ കേന്ദ്രീകരിച്ചെന്ന് സിപിഎം
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പിന്തുണയില്ലാതെ ഇത്തരത്തിലൊരു തട്ടിപ്പ് നടക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ
തൃശൂര്‍: തൃശൂരിലെ വോട്ടുതട്ടിപ്പ് നടന്നത് ടാറ്റ കൺസൾട്ടൻസിയെ വെച്ച് ചെന്നൈ കേന്ദ്രീകരിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ. തട്ടിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയുണ്ടെന്നും വോട്ടർപട്ടിക റിവിഷൻ ടാറ്റ കൺസൾട്ടൻസിയെ ഇലക്ഷൻ കമ്മീഷൻ ഏൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
'വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും. പൂങ്കുന്നം ഫ്ളാറ്റില്‍ സിപിഎം നേരത്തെ പരാതി നല്‍കിയിരുന്നു.എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേര് വന്നാല്‍ വോട്ട് ചെയ്യാമെന്ന നിലപാടാണ് അന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പിന്തുണയില്ലാതെ ഇത്തരത്തിലൊരു തട്ടിപ്പ് നടക്കില്ല. വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കലും പേര് വെട്ടലും നടത്തി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന്ശേഷമാണ് മറ്റിടങ്ങളിലെ ആളുകളെ തിരികിക്കേറ്റിയതായി കണ്ടത്. ടാറ്റ കൺസൾട്ടൻസിയെ ആണ് ഇലക്ഷൻ കമ്മീഷൻ വോട്ടര്‍ പട്ടിക റിവിഷന് വേണ്ടി സമീപിച്ചിരുന്നത്.ചെന്നൈ കേന്ദ്രമായിട്ടാണ് തട്ടിപ്പ് നടന്നത്. ഇത് പരിശോധനാ വിധേയമാക്കണം. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് പൂര്‍ണമായും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിധിയിലാണ്.അതില്‍ സംസ്ഥാന സര്‍ക്കാറിന് ഒരു പങ്കുമില്ല'. കെ.വി അബ്ദുൽ ഖാദർ പറഞ്ഞു.
അതേസമയം, തൃശ്ശൂരിലെ വോട്ട് കൊള്ളയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാരും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകൾ സംശയകരമായിരുന്നു.കമ്മീഷൻ അറിഞ്ഞാണോ ഇതെല്ലാം ചെയ്തതെന്ന് സംശയമുണ്ട്. അനധികൃതമായി വോട്ട് ചേർക്കപ്പെട്ട ഫ്ലാറ്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യണമെന്നും സുനിൽകുമാർ മീഡിയവണിനോട് പറഞ്ഞു.