രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; തെളിവു തേടി ക്രൈംബ്രാഞ്ച് ബംഗളൂരുവിലേക്ക്

ബംഗളുരുവിലെ ആശുപത്രിയിൽ വെച്ചാണ് ഗർഭഛിദ്രം നടത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം

Update: 2025-09-05 10:28 GMT

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭചിദ്രം നടത്താൻ പ്രേരിപ്പിച്ചെന്ന കേസിൽ ചികിത്സാരേഖകൾ തേടി ക്രൈംബ്രാഞ്ച് ബംഗളൂരുവിലേക്ക്. ആശുപത്രിയിൽ നിന്നും വിവരങ്ങൾ തേടാനാണ് തീരുമാനം. ഇരകളാക്കപ്പെട്ടവരിൽ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമവും തുടരുകയാണ്.

ബംഗളൂരുവിലെ ആശുപത്രിയിൽ എത്തിയാണ് യുവതികൾ ഗർഭഛിദ്രം നടത്തിതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ നിന്ന് നേരിട്ട് വിവരം തേടാൻ അന്വേഷണസംഘം തീരുമാനിച്ചത്. നോട്ടീസ് നൽകി രേഖകൾ ശേഖരിക്കും. ഓണ അവധിക്ക് ശേഷമാകും സംഘം ബംഗളൂരിലേക്ക് തിരിക്കുക.

Advertising
Advertising

കേസിൽ മൂന്നാം കക്ഷികളായ ആളുകളിൽ നിന്ന് ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. അതേസമയം ഇരകളാക്കപ്പെട്ടവരിൽ നിന്ന് മൊഴിയെടുക്കാൻ അന്വേഷണസംഘത്തിന് ഇതുവരെയും സാധിച്ചിട്ടില്ല. കേസുമായി മുന്നോട്ട് പോകാനുള്ള താൽപര്യക്കുറവും അടുത്ത ബന്ധമുള്ളവരോട് യുവതികൾ പങ്കുവെച്ചതായും വിവരമുണ്ട്.

ഈ സാഹചര്യത്തിൽ സംഭവവുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടി വരും ക്രൈംബ്രാഞ്ചിന്. ആരോപണത്തിന് പിന്നാലെ രാഹുലിനെ ആദ്യം തള്ളിയ കോൺഗ്രസ് നേതൃത്വം ഇപ്പോൾ പ്രതിരോധം തീർക്കുകയാണ്. ഇരയാക്കപ്പെട്ടവരാരും രംഗത്ത് വരാത്തതാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നതും.


Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News