'മലപ്പുറത്തെ കുട്ടികള്‍ ഡബിള്‍ സ്ട്രോങ്ങാ, പക്ഷേ പ്ലസ് ടു പഠിക്കാന്‍ സീറ്റില്ല': കലക്ടറുടെ അഭിനന്ദന പോസ്റ്റിന് പൊങ്കാല, കമന്‍റ് ഓഫാക്കി കലക്ടര്‍, വിവാദമായതോടെ കമന്‍റിന് അനുവാദം

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ സ്‌കൂളും മലപ്പുറം ജില്ലയിലാണ്

Update: 2021-07-14 16:41 GMT
Editor : ijas
Advertising

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ് എന്ന നേട്ടം മലപ്പുറം ജില്ല സ്വന്തമാക്കിയതിന് പിന്നാലെ ജില്ലാ കലക്ടറുടെ പേജില്‍ കടുത്ത വിമര്‍ശനവും പരാതിയും ഉയര്‍ത്തി ജനം. മലപ്പുറത്തെ എ പ്ലസ് നേട്ടത്തെ അഭിനന്ദിച്ച് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററിന് താഴെയാണ് മലപ്പുറത്തെ ജനത വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളുടെ അപര്യാപ്തത കൂട്ടത്തോടെ പരാതിയായി അറിയിച്ചത്. 'മലപ്പുറത്തെ കുട്ടികള്‍ ഡബിള്‍ സ്ട്രോങ്ങാ..തുടര്‍ച്ചയായ രണ്ടാം തവണയും ഏറ്റവും കൂടുതല്‍ എ പ്ലസ് ജില്ലയ്ക്ക്, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍', എന്നിങ്ങനെയായിരുന്നു മലപ്പുറം ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റര്‍.

Full View

കലക്ടറുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ 11000ത്തിന് മുകളില്‍ പേര്‍ പോസ്റ്ററിനോട് 'റിയാക്ട്' ചെയ്യുകയും ആയിരത്തിന് മുകളില്‍ ആളുകള്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. 500ന് മുകളില്‍ പേരാണ് വിമര്‍ശനവും പരാതികളും കമന്‍റുകളില്‍ അറിയിച്ചത്. ആളുകളുടെ വിമര്‍ശനം കടുത്തതോടെയാണ് മലപ്പുറം ജില്ലാ കലക്ടര്‍ കമന്‍റ് ഓപ്ഷന്‍ പരിമിതപ്പെടുത്തിയത്. അതിനിടെ കലക്ടറുടെ നടപടി വിവാദമായതോടെ ഫേസ്ബുക്കില്‍ കമന്‍റ് ചെയ്യാനുള്ള ഓപ്ഷന്‍ കലക്ടറുടെ ഓഫീസ് അനുവദിക്കുകയുണ്ടായി. ഇതിനിടയില്‍ മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് ജില്ലയില്‍ തന്നെ തുടർ പഠനത്തിനുള്ള അവസരം ഒരുക്കാൻ ശ്രദ്ധിക്കണമെന്ന കമന്‍റിന് 'ഒ.കെ' എന്ന പ്രതികരണവും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. 



ഇത്തവണ 7838 വിദ്യാര്‍ഥികളാണ് മലപ്പുറം ജില്ലയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ സ്‌കൂളും മലപ്പുറം ജില്ലയിലാണ്. ഈ റെക്കോര്‍ഡ് എടരിക്കോട് പികെഎം ഹയര്‍സെക്കണ്ടറി സ്‌കൂളിനാണ്. 2076 വിദ്യാര്‍ഥികളാണ് ഇത്തവണ ഈ സ്‌കൂളില്‍ പരീക്ഷ എഴുതിയത്. 99.47 ശതമാനമാണ് ഇത്തവണ സംസ്ഥാനത്തെ വിജയ ശരാശരി. ഇതാദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.65 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Tags:    

Editor - ijas

contributor

Similar News