അറിയാതെ അക്കൗണ്ടിലേക്ക് കോടികൾ; ധൂർത്തടിച്ച് യുവാക്കൾ; ഒടുവിൽ പിടിയിലായി

രണ്ടു പേരും ചേർന്ന് നാല് ഐ ഫോൺ അടക്കം ആഡംബര വസ്തുക്കൾ പലതും വാങ്ങി. ഷെയർ മാർക്കറ്റിലും പണം ഇറക്കി.

Update: 2022-12-24 16:15 GMT
Advertising

തൃശൂർ: ബാങ്ക് അക്കൗണ്ട് വഴി രണ്ട് കോടിയിലേറെ രൂപ അബദ്ധത്തിൽ കിട്ടിയ യുവാക്കൾ തുക ധൂർത്തടിച്ച് പെട്ടു. ‌പണം തട്ടിയെന്ന കേസിൽ ഇരുവരും പൊലീസിന്റെ പിടിയിലായി. തൃശൂർ കാഞ്ഞാണി അരിമ്പൂർ സ്വദേശികളായ നിധിനും മനുവുമാണ് പിടിയിലായത്. സൈബർ പൊലീസാണ് ഇരുവരേയും പിടികൂടിയത്.

സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ വന്നുനിറയുന്നത് കണ്ട് ഇരുവരും അന്തം വിട്ടു നിന്നു. ഞെട്ടൽ മാറിയപ്പോൾ പിന്നെ ഉദിച്ചത് കുബുദ്ധിയാണ്. തുടർന്ന് പണം കൊണ്ട് അമ്മാനമാടാൻ തുടങ്ങുകയായിരുന്നു. ബാങ്കിന്റെ സെർവറിൽ വന്ന വീഴ്ചയാണ് ഇത്രയും വലിയ തുക അക്കൗണ്ട് മാറിവരാൻ കാരണം.

പുതു തലമുറയിൽപെട്ട ബാങ്കുകളിലൊന്ന് മറ്റൊരു ബാങ്കിലേക്ക് ലയിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോഴാണ് വീഴ്ച ഉണ്ടായത്. സെർവർ പ്രശ്നം മൂലം പണം പോവുകയായിരുന്നു. അറസ്റ്റിലായ യുവാക്കളിൽ ഒരാൾക്ക് ഇവിടെ അക്കൗണ്ട് ഉണ്ടായിരുന്നു. അക്കൗണ്ടിലേക്ക് പണം ഒഴുകിയെത്തിയപ്പോൾ രണ്ടു പേരും ചേർന്ന് നാല് ഐ ഫോൺ അടക്കം ആഡംബര വസ്തുക്കൾ പലതും വാങ്ങി.

ഷെയർ മാർക്കറ്റിലും പണം ഇറക്കി. ഓൺലൈൻ ട്രേഡിങ് പരീക്ഷിച്ചു. ഒപ്പം, കടവും വീട്ടി. കുറച്ചു തുക കൂട്ടുകാർക്ക് ദാനം ചെയ്തു. മൊത്തം കണക്കെടുമ്പോൾ രണ്ട് കോടി 44 ലക്ഷം രൂപ. 171 ഇടപാടുകളിലായി 19 ബാങ്കുകളിലെ 54 അകൗണ്ടുകളിലേക്കാണ് ഇവർ തുക മാറ്റിയത്.

ബാങ്ക് ലയന സമയത്ത് സുരക്ഷിതമല്ലാതിരുന്ന സെർവർ സംവിധാനമാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അതേസമയം, അറസ്റ്റിലായ യുവാക്കളുടെ പേരിൽ മറ്റു കേസുകൾ നിലവിലില്ലെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News