Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: നടന്‍ ശ്രീനിവാസന്റെ വേര്‍പാട് മലയാള സിനിമക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെയില്ലെന്നും സിനിമയില്‍ നിലനിന്നിരുന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാം വിധം മാറ്റുന്നതിന് ശ്രീനിവാസന്‍ പ്രയത്‌നിച്ചു. തന്റെ സാമൂഹ്യകാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസന്‍.'
'കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കും.'
'തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം. അഭിമുഖത്തിനായി തങ്ങള്‍ ഒരുമിച്ചിരുന്നതും അദ്ദേഹം തന്റെ മനസ്സില്‍ സ്ഥാനം പിടിച്ചതും ഓര്‍ക്കുന്നു. ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണ്.' ചലച്ചിത്രത്തിന്റെ എല്ലാ രംഗങ്ങളിലും നായകസ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്നും ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസന്റെ വിയോഗത്തിൽ രാഷ്ട്രീയ- സാംസ്‌കാരിരംഗത്തെ നിരവധി പേരാണ് അനുശോചനമറിയിച്ച് രംഗത്തെത്തിയത്.
വി.ഡി സതീശന്‍
ശ്രീനിവാസന്‍ അമൂല്യ പ്രതിഭ. കാലത്തിന് മുന്‍പേ നടന്ന കലാകാരന്‍. ദേശീയ നിലവാരത്തില്‍ നിരവധി സിനിമകള്‍ ചെയ്ത പ്രതിഭയായിരുന്നു അദ്ദേഹം. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തിലും സിപിഎമ്മിനെ വിമര്‍ശിക്കാന്‍ ശ്രീനിവാസന്റെ സിനിമയെ കുറിച്ച് താന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തെ വീണ്ടും കാണണമെന്ന് ആഗ്രഹിച്ചപ്പോഴാണ് വിയോഗം.
എം.കെ മുനീര്‍
ബുദ്ധിപരമായി സിനിമയെ സമീപിച്ച മനുഷ്യനായിരുന്നു ശ്രീനിവാസന്‍. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. ശ്രീനിവാസന്റെ വിയോഗം മലയാളത്തിന് തീരാ നഷ്ടം.
ഇ.പി ജയരാജന്‍
മലയാള സിനിമാ രംഗത്ത് ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിത്വത്തെയാണ് നഷ്ടമായത്. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. അടുത്ത സുഹൃദ്ബന്ധം വെച്ചുപുലര്‍ത്തിയ കലാകാരന്‍. ദുഖവും വേദനയും രേഖപ്പെടുത്തുന്നു.
എം.വി ഗോവിന്ദന്‍
അഭിപ്രായ വ്യത്യാസങ്ങള്‍ പറയുമ്പോഴും മനസ്സ് നിറയെ പുതിയ ലോകം രൂപപ്പെടണമെന്ന് ശ്രീനിവാസന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനൊരു മനുഷ്യസ്‌നേഹിയെയാണ് നഷ്ടമായത്. എത്ര ഗൗരവമുള്ള വിഷയവും സരസമായി അവതരിപ്പിച്ച അതുല്യ പ്രതിഭാശാലിയാണ്. സാധാരണ മനുഷ്യരുടെ ജീവിതം കൃത്യമായി അവതരിപ്പിക്കാന്‍ കഴിവുള്ള പ്രതിഭ.
എം. മുകേഷ്
ശ്രീനിവാസനുമായി ഉണ്ടായിരുന്നത് 43 കൊല്ലത്തെ ദൃഢമായ സൗഹൃദം. എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരനായിരുന്നു. സിനിമയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. ശ്രീനിയുമായി ഒരിക്കലും ചെറിയ നീരസം പോലും ഉണ്ടാക്കിയിട്ടില്ല. ശ്രീനിവാസന്റെ ചിരിക്കും പ്രത്യേകതയുണ്ട്. ശ്രീനിവാസനോടൊപ്പമുള്ള നിമിഷങ്ങള്‍ ഗോള്‍ഡന്‍ മൊമന്റ്‌സ്.
എ.എന്‍ ഷംസീര്‍
ശ്രീനിവാസന്റെ വിയോഗം കേരളത്തിനും മലയാള സിനിമക്കും തീരാനഷ്ടം. സാമൂഹികബോധമുള്ള വിഷയങ്ങളെ ലളിതവും ഹൃദയസ്പര്‍ശിയുമായി അവതരിപ്പിച്ചു. സാധാരണ മനുഷ്യരുടെ ജീവിത സങ്കടങ്ങളും പ്രതീക്ഷകളും കലാരൂപങ്ങളിലായി ശക്തമായി അവതരിപ്പിച്ചു.
സണ്ണി ജോസഫ്
ശ്രീനിവാസന്റെ വിയോഗം വലിയ നഷ്ടം. ഭാവനാ സമ്പന്നമായ കഥാപാത്രങ്ങളെയാണ് ശ്രീനിവാസന്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ദുഖം രേഖപ്പെടുത്തുന്നു. ചിന്താവിഷ്ടയായ ശ്യാമള കാണുമ്പോള്‍ ഭാര്യ തന്നെ കളിയാക്കാറുണ്ട്.
സത്യന്‍ അന്തിക്കാട്
രണ്ടാഴ്ച കൂടുമ്പോള്‍ പോയി കാണുമായിരുന്നു. സംസാരിച്ച് ശ്രീനിയെ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുമായിരുന്നു. ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയിരുന്നില്ല. ബുദ്ധിയും മനസ്സും ഷാര്‍പ്പായി എല്ലാ കാലത്തും ശ്രീനിവാസന്‍ സൂക്ഷിച്ചിരുന്നു.
കെ.ബി ഗണേഷ് കുമാര്‍
മലയാളത്തിന്റെ മുഖശ്രീയായിരുന്ന ഹാസ്യശ്രീ മാഞ്ഞു. സഹോദരന്റെ വേര്‍പാട് വേദനയുണ്ടാക്കുന്നു. ഇനി ഇതുപോലൊരു കലാകാരനെ നമ്മള്‍ക്ക് കിട്ടില്ല. തീരാനഷ്ടമാണ്. ഈ വിടവ് മലയാളികള്‍ക്ക് നികത്താന്‍ കഴിയില്ല