വാക്ക്പോരുമായി രാജയും കാനവും; സിപിഐയില്‍ കേരള-ദേശീയ കലഹം

പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കിയതിനു പിറകെ മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി

Update: 2021-10-05 14:48 GMT
Editor : Shaheer | By : Web Desk
Advertising

പരസ്യ വിമര്‍ശനങ്ങളില്‍ കൊമ്പുകോർത്ത് സിപിഐ സംസ്ഥാന-ദേശീയ നേതാക്കള്‍. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കിയതിനു പിറകെ മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്. പാർട്ടി ഭരണഘടന വായിച്ചതിനാൽ അച്ചടക്കത്തെക്കുറിച്ച് അറിയാമെന്നായിരുന്നു കാനത്തിന്റെ മറുപടി.

ആനിയിൽ തുടക്കം, കനയ്യ ആയുധം

കേരള പൊലീസിലെ ആർഎസ്എസ് സാന്നിധ്യം സംബന്ധിച്ച ദേശീയ കൗൺസിൽ അംഗം ആനി രാജയുടെ വിമർശനത്തിനു പിറകെയാണ് സംസ്ഥാന-ദേശീയ നേതാക്കൾ തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തത്. ആനി രാജയുടെ വിമർശനം സിപിഐ സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. എന്നാൽ, ഡി രാജ ആനി രാജയെ പിന്തുണച്ചു രംഗത്തെത്തി. ഇതോടെയാണ് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്. ഡി. രാജയെ പരസ്യമായി വിമർശിച്ച് കാനം രംഗത്തെത്തി.

ഇതിനു പിറകെ യുവനേതാവ് കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശം ദേശീയനേതൃത്വത്തിനെതിരെ ആയുധമാക്കാനും സംസ്ഥാന നേതൃത്വം നീക്കം നടത്തി. കനയ്യ പാർട്ടിയെ വഞ്ചിച്ചെന്നായിരുന്നു ഡി രാജ നേരത്തെ പ്രതികരിച്ചിരുന്നത്. എന്നാൽ, ഇതിനോട് സംസ്ഥാന ഘടകം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കനയ്യ പാർട്ടി വിട്ടത് ദേശീയ നേതൃത്വത്തിൻരെ വീഴ്ചയാണെന്നാണ് കാനത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന ഘടകത്തിന്റെ വാദം. ഡൽഹിയിൽ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ഇതേ നിലപാട് കേരള നേതാക്കൾ ഉന്നയിച്ചതായും വാർത്തയുണ്ട്.

'കേരളകാര്യത്തിൽ ഇടപെടേണ്ട'

ആനി രാജയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നേതാക്കൾ തമ്മിലുള്ള പോര് നടക്കുന്നതെങ്കിലും ഡി രാജയുമായി കാനത്തിന് അത്ര നല്ല ബന്ധമല്ല നിലവിലുള്ളതെന്നാണ് വ്യക്തമാകുന്നത്. ഇതിൻരെ ഭാഗമായാണ് ആനിയുടെ പ്രസ്താവന സിപിഐ സംസ്ഥാന ഘടകം ഒറ്റയടിക്ക് തള്ളിക്കളഞ്ഞത്.

സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ ഇവിടത്തെ നേതാക്കളുമായി ആശയവിനിമയം നടത്തണമെന്ന് കാനം വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ വിട്ടുവീഴ്ച പാടില്ലെന്ന് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ കേരള നേതാക്കൾ ആവർത്തിക്കുകയും ചെയ്തതായാണ് വിവരം.

എന്നാൽ, കനയ്യ കുമാറിന്റെ വിഷയത്തിൽ ദേശീയ നേതൃത്വത്തെ തള്ളി കാനം രംഗത്തെത്തുകയും ചെയ്തു. കനയ്യ പാർട്ടിയെ വഞ്ചിച്ചെന്ന നിലപാട് തങ്ങൾക്കില്ലെന്നായിരുന്നു കാനത്തിന്റെ വിശദീകരണം. അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

ഇതോടെയാണ് പരസ്യവിമർശനങ്ങൾക്കെതിരെ ഡി രാജ രംഗത്തെത്തിയത്. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ട്. എന്നാൽ, അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നായിരുന്നു രാജ മാധ്യമങ്ങളോട് പ്രതികരിച്ചത്. കനയ്യ പാർട്ടിയെ വഞ്ചിച്ചെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും രാജ വ്യക്തമാക്കി. സ്ത്രീ സുരക്ഷയടക്കം പൊതുവിഷയങ്ങളിൽ ദേശീയ നേതാക്കൾക്ക്് അഭിപ്രായം പറയാം. ആനി രാജയുടെ പരാമർശത്തിൽ കേരള ഘടകം എതിർപ്പറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, പാർട്ടി ഭരണഘടന വായിച്ചിട്ടുള്ളതിനാൽ അച്ചടക്കത്തെ കുറിച്ച് അറിയാമെന്നായിരുന്നു ഇതിനോട് കാനത്തിന്റെ പ്രതികരണം. സംസ്ഥാന വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ കൂടിയാലോചന നടത്താറുണ്ട്. ഇതാണ് സാധാരണയുള്ള രീതി. ദേശീയ നേതാക്കൾ പൊതുവിഷയങ്ങളിൽ അഭിപ്രായം പറയരുതെന്ന നിലപാട് തനിക്കില്ലെന്നും കാനം പറഞ്ഞു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News