'പത്തനംതിട്ടയിൽ പൊലീസ് ക്രൂരമായി മർദിച്ചത് ദലിത് കുടുംബത്തെ'
പിആർഡിഎസ് പ്രവർത്തകരാണ് ആക്രമണത്തിന് ഇരയായത്
പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത് കുടുംബത്തിന് നേരെ പൊലീസ് അതിക്രമം. കല്യാണത്തിൽ പങ്കെടുത്തു മടങ്ങിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് തല്ലിച്ചതച്ചത്. പിആർഡിഎസിന്‍റെ സജീവ പ്രവർത്തകരെയാണ് പൊലീസ് ആക്രമിച്ചത്. കുടുംബത്തെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി.
ഇന്നലെ രാത്രി 11 മണിയോടെയാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിനുവും സംഘവും അടൂരിൽ കല്യാണ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ കുടുംബത്തെ അകാരണമായി തല്ലി ചതച്ചത്. ലാത്തിയടിയിൽ ശ്രീജിത്ത് എന്നയാളുടെ തലക്ക് ഗുരുതര പരിക്കേറ്റു ശ്രീജിത്തിന്‍റെ ഭാര്യ സിതാരക്കും അടിയേറ്റു വനിതാ പൊലീസ് പോലും ഇല്ലാതെയാണ് ദലിത് കുടുംബത്തെ പൊലീസ് തല്ലിച്ചതച്ചത്.
എസ് ഐ ജിനുവും സംഘവും ആളു മാറിയാണ് കുടുംബത്തെ തല്ലിയതെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ദക്ഷിണ മേഖല ഡിഐജി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാർ ജനറൽ ആശുപത്രിയിലെത്തി കുടുംബത്തിന്‍റെ മൊഴിയെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിവൈഎസ്പി പറഞ്ഞു.
സിതാരയുടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളിൽ ആരുടെയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. എസ്ഐ ജിനുവിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.