'പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ'; ആലപ്പുഴയില്‍ അവധി പ്രഖ്യാപിച്ച് 'കലക്ടര്‍ മാമന്‍'

ആലപ്പുഴ ജില്ലയുടെ ചുമതലയേറ്റടുത്ത ഉടനെയുള്ള കലക്ടറുടെ അവധി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു

Update: 2022-08-04 12:23 GMT
Editor : ijas

ആലപ്പുഴ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിക്കുന്നതായി കലക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ്. 'പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ', എന്ന ആമുഖത്തോടെയാണ് 'കലക്ടര്‍ മാമന്‍' അവധി പ്രഖ്യാപിച്ചത്. അവധിയാണെന്ന് കരുതി ഇന്നലെ പറഞ്ഞതൊന്നും മറക്കരുതെന്നും കലക്ടര്‍ മാമന്‍ സ്നേഹത്തോടെ ഓര്‍മ്മിപ്പിച്ചു. ആലപ്പുഴ ജില്ലയുടെ ചുമതലയേറ്റടുത്ത ഉടനെയുള്ള കലക്ടറുടെ അവധി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

പ്രിയപ്പെട്ട കുട്ടികളെ എന്ന സ്നേഹ വിളികളോടെ അവധി പ്രഖ്യാപിച്ച കലക്ടര്‍ അവധി ദിവസം വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകരുതെന്നും സ്നേഹത്തോടെ മുന്നറിയിപ്പ് നല്‍കി. എല്ലാവരും വീട്ടില്‍ ഇരിക്കണമെന്നും മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കലക്ടര്‍ കുട്ടികളോടായി ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ ജോലിക്ക് പോകും മുമ്പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണമെന്നും കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

Advertising
Advertising

ആലപ്പുഴയിൽ മുമ്പ് സബ് കലക്ടറായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് കൃഷ്ണ തേജ. മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകലക്ടറാക്കിയതിന് പിന്നാലെ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്ന് കമന്‍റ് ബോക്‌സിന് പൂട്ടു വീണു. എന്നാൽ കൃഷ്ണ തേജ ചാർജ് എടുത്ത ഉടൻ ഫേസ്ബുക്ക് പേജിൽ കമന്‍റ് ചെയ്യാനുള്ള സൗകര്യം ഒരുക്കി. ഇതിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. അവധിയുമായി ബന്ധപ്പെട്ട് കലക്ടറുടെ പോസ്റ്റിന് കീഴെയും നിരവധി കമന്റുകളാണ് വരുന്നത്.

കലക്ടര്‍ കൃഷ്ണ തേജയുടെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട കുട്ടികളെ,

നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ...

മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. 😘

ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.

ഒരുപാട് സ്‌നേഹത്തോടെ

നിങ്ങളുടെ പ്രിയപ്പെട്ട

കലക്ടര്‍ മാമന്‍

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News