സമ്പത്ത് കസ്റ്റഡി മരണം; സി.ഐ.വിപിൻദാസിനെ കുറ്റവിമുക്തനാക്കി

പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ സി.ഐ ആയിരിക്കെ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു വിപിനെതിരായ ആരോപണം

Update: 2023-09-30 17:51 GMT

പാലക്കാട്: സമ്പത്ത് കസ്റ്റഡി മരണത്തിൽ സി.ഐ.വിപിൻദാസിനെ കുറ്റവിമുക്തനാക്കി. കൊച്ചി സിബിഐ കോടതിയുടെതാണ് ഉത്തരവ്. കേസിൽ പന്ത്രണ്ടാം പ്രതിയായിരുന്നു വിപിൻ ദാസ്. പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ സി.ഐ ആയിരിക്കെ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു വിപിനെതിരായ ആരോപണം. വിപിൻദാസിനെതിരെയുള്ള തെളിവുകൾ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഇയാളെ കുറ്റ വിമുക്തനാക്കിയത്.

2010 മാർച്ച് 29നാണ് സമ്പത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. കേസിൽ രണ്ട് ഉദ്യോഗസ്ഥർ പൊലീസ് രേഖകൾ തിരുത്തി കൃത്രിമം കാണിച്ചു എന്നതായിരുന്നു ആരോപണം. മറ്റ് പൊലീസ് ഓഫീസർമാർക്ക് പണം വാഗ്ദാനം ചെയ്ത് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുമുള്ള കുറ്റവും ഇവർക്കെതിരെ ചുമത്തിയിരുന്നു. കേസിൽ ഐ.പി.എസ് ഓഫീസർമാരായ വിജയ് സാക്കറയ്ക്കും മുഹമ്മദ് യാസീനും സിബിഐ നേരത്തെ ക്ലീൻ ചീട്ട് നൽകിയിരുന്നു. ജോൺസൺ, ബ്രിജിത്ത്, അബ്ദുൽ റഷീദ്, ശിലൻ, കെ. രാമചന്ദ്രൻ, കെ. മാധവൻ, വിപിൻദാസ് എന്നിവരാണ് ഇപ്പോൾ കേസിലെ പ്രതികൾ. പ്രതികളിൽ ഒരാളുടെ വിടുതൽ ഹരജി സിബിഐ കോടതിയുടെ പ്രത്യേക പരിഗണനയിലാണ്.

Advertising
Advertising

പാലക്കാട്ടെ പുത്തൂർ സായൂജ്യത്തിൽ വി.ജയകൃഷ്ണന്റെ ഭാര്യയെ 2010 മാർച്ച് 23നാണ് വീട്ടിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷീലയുടെ അമ്മ കാർത്ത്യായനി തലയ്ക്കടിയേറ്റ നിലയിലുമായിരുന്നുവീടിനകത്ത് കിടന്നിരുന്നത്. കവർച്ചയായിരുന്നു ലക്ഷ്യം. കൊലപാതകം നടന്ന് ഒരാഴ്ച്ചയ്ക്കുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഷീലയുടെ മൊബൈൽ കടയിൽ ജോലിക്കെത്തിയതായിരുന്നു സമ്പത്ത്. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ട സമ്പത്ത് കസ്റ്റഡിയിൽ മരിച്ചതോടെ കേസന്വേഷണം വഴി മാറുകയായിരുന്നു. രണ്ടാംപ്രതി കനകരാജിന് കോടതി വധശിക്ഷ വിധിച്ചു. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. തെളിവില്ലാത്തതിനാൽ മൂന്നാം പ്രതി മണികണ്ഠനെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. ഒന്നാം പ്രതി സമ്പത്തിന്റെ ബന്ധുവാണ് കനകരാജൻ. കോടതി വെറുതെ വിട്ട മണികണ്ഠൻ സമ്പത്തിന്റെ സഹോദരീ ഭർത്താവ്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News