പ്രതിഷേധം കനത്തു; കാലടി പാലത്തിലെ കുഴികൾ അടച്ച് പൊതുമരാമത്ത് വകുപ്പ്
ശനിയാഴ്ച മുതൽ സ്വകാര്യ ബസുടമകൾ സർവീസ് നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു
Update: 2025-05-30 02:26 GMT
കാലടി: എറണാകുളം കാലടി പാലത്തിലെ കുഴികൾ അടച്ച് പൊതുമരാമത്ത് വകുപ്പ്. വാഹനങ്ങൾ കുഴിയിൽപ്പെട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും പ്രതിഷേധം കനക്കുകയും ചെയ്തതോടെ ഇന്നലെ രാത്രിയാണ് പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടായത്.
പെരുമ്പാവൂർ - കാലടി സംസ്ഥാനപാതയിലെ കാലടി പാലത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായതിനെ തുടർന്ന് ശനിയാഴ്ച മുതൽ സ്വകാര്യ ബസുടമകൾ സർവീസ് നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഇതുവഴി പോയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗതാഗതക്കുരുക്കിൽ പെടുകയും പാലത്തിലിറങ്ങി കുഴികൾ പരിശോധിക്കുകയും ചെയ്തിരുന്നു.
ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച മന്ത്രി കുഴികൾ അടക്കാൻ നിർദേശം നൽകിയാണ് മടങ്ങിയത്. ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞ പാലത്തിലൂടെ മഴ കനത്തതോടെയാണ് ഗതാഗതം ദുസ്സഹമായത്.