ധ്യാന്‍ ശ്രീനിവാസന്‍ അറിയാന്‍..ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി; കുറിപ്പുമായി ലിന്‍റോ ജോസഫ് എം.എല്‍.എ

അത്രയേറേ സ്‌നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷ്യർ വസിക്കുന്നയിടമാണ് തിരുവമ്പാടി

Update: 2022-06-25 02:21 GMT

കേട്ടിരിക്കാന്‍ രസമുള്ളവയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ധ്യാന്‍ ശ്രീനിവാസന്‍റെ അഭിമുഖങ്ങള്‍. അഭിമുഖങ്ങളില്‍ ശ്രീനിവാസനെയും വിനീത് ശ്രീനിവാസനെയും ട്രോളാനും ധ്യാനിന് ഒരു മടിയുമില്ല. എന്നാല്‍ ഇതിനിടയില്‍ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞ വാക്കുകള്‍ വിവാദങ്ങള്‍ക്കും ഇടയാക്കാറുണ്ട്. കോഴിക്കോട് തിരുവമ്പാടിക്കാര്‍ക്കെതിരെയുള്ള ധ്യാനിന്‍റെ പരാമര്‍ശങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 'പ്രകാശൻ പറക്കട്ടെ' എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടിയിൽ ഗോവിന്ദ് വി പൈക്കൊപ്പമായിരുന്നു വിവാദപരാമർശം.

Advertising
Advertising

ധ്യാനിന്‍റെ വാക്കുകള്‍

ഗോവിന്ദ് വി പൈ: ഒരു മലയുടെ പൊക്കത്ത് കയറിയാ പിന്നെ 30 ദിവസം അവിടെ തന്നെയായിരുന്നു

ധ്യാൻ: (ചിരിയോടെ) അവിടെയൊന്നും കൊറോണ ... നാട്ടുകാർക്കു പോലും അറിയില്ല... കൊറോണ വന്നത്.... അപ്പോ.... പിന്നെ വലിയ വിഷയമില്ല. പ്രേംനസീർ മരിച്ചത് പോലും അറിഞ്ഞി്ട്ടില്ലാത്ത നാട്ടുകാരാ.. ഓ അങ്ങനെ പറയാൻ പാടില്ല അല്ലേ... ആ നാട്ടുകാര്.... നമ്മളെ.... (സ്ഥലം പറയുന്നില്ല) ആഹ്..പറയാൻ പാടില്ല....കർണാടക ബോർഡറാണ്...കേരളത്തിലെയല്ല.' എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. ഇന്‍റര്‍വ്യൂ വൈറലായതോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകവിമര്‍ശങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ധ്യാനിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ തിരുവമ്പാടി എം.എല്‍.എ ലിന്‍റോ ജോസഫ് രംഗത്തെത്തുകയും ചെയ്തു. തിരുവമ്പാടി ഒരു ഓണംകേറാ മൂലയല്ലെന്നും അഭിമാനമാണെന്നും ലിന്‍റോ ഫേസ്ബുക്കില്‍ കുറിച്ചു.

ലിന്‍റോ ജോസഫിന്‍റെ കുറിപ്പ്

ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി..! പ്രിയപ്പെട്ട ധ്യാൻ ശ്രീനിവാസൻ അറിയുന്നതിന്.. താങ്കൾ ഒരു ഇന്‍റര്‍വ്യൂവില്‍ തിരുവമ്പാടി പ്രദേശത്തെയാകെ മോശമായി സംസാരിച്ചത് കണാനിടയായി.ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമർശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.അത്രയേറേ സ്‌നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷ്യർ വസിക്കുന്നയിടമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേൾവി കേട്ട, അത്യുന്നതമായ സാംസ്കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സർവ്വാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ഒരു മലയോര മേഖലയിൽ ഉണ്ടാവാനിടയുള്ള വികസന മുരടിപ്പിൽ നിന്ന് ഒന്നായി ചേർന്ന് ഈ നാടിനെ കൈ പിടിച്ചുയർത്തിയവരാണ് തിരുവമ്പാടിക്കാർ.!

താങ്കളുടെ ഫിലിം ഷൂട്ടിനിടയിൽ താങ്കൾ സഞ്ചരിച്ച റോഡുകളിലൊന്ന് മലയോര ഹൈവേയാണ്. ഈ റോഡിന്‍റെ മുഴുവൻ ദൂരവും ഇരുവശത്തും സ്ഥലം സൗജന്യമായി നൽകി വികസനത്തെ ഹൃദയത്തിൽ സ്വീകരിച്ചവരാണ് തിരുവമ്പാടിക്കാർ..!അതിമനോഹരമായ ഈ പാത നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

താങ്കളുടെ ഫിലിം ഷൂട്ടിംഗ് നടന്ന ഒരു ലൊക്കേഷനായ ആനക്കാംപൊയിലിൽ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടണൽ പാതയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ആരംഭിക്കുന്നത്.ബാംഗ്ലൂർ-കൊച്ചി ഇടനാഴിയെ എറ്റവും കൂടുതൽ സഹായിക്കുന്നത് ഈ പാതയായിരിക്കും.ഈ തുരങ്കപാതയുടെ അനുബന്ധ റോഡായ തിരുവമ്പാടി -മറിപ്പുഴ റോഡിന്റെ പ്രവൃത്തി ആരംഭിക്കാൻ പോവുകയാണ്.പ്രവൃത്തികൾ പൂർത്തിയായതിന് ശേഷം ഞങ്ങളുടെ പ്രത്യേക ക്ഷണപ്രകാരം അങ്ങ് ഇവിടെ വരണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ കുട്ടികളെല്ലാം പഠിക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്.സ്‌കൂൾ കെട്ടിടങ്ങൾ പുതിയകാല നിർമ്മാണത്തിന്റെ രൂപഭംഗി ഉൾക്കൊണ്ട് ഇവരെ സ്വീകരിക്കുന്നു..

താങ്കളുടെ സിനിമയുടെ മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനായ പുല്ലുരാംപാറയിൽ മലബാർ സ്‌പോർട്‌സ് അക്കാദമി എന്നൊരു സ്ഥാപനമുണ്ട്. ദേശീയ അന്തർദേശിയ കായിക ഇനങ്ങളിൽ രാജ്യത്തിന് അഭിമാനമായത് ഈ കുഞ്ഞു പ്രദേശത്തെ കുഞ്ഞു സ്ഥാപനത്തിലെ കുട്ടികളാണ്. സന്തോഷ് ട്രോഫി നേടി കേരളത്തിന് അഭിമാനമായ കേരളടീമിന്‍റെ വിജയ ഗോളിന് വഴിയൊരുക്കിയത് ഞങ്ങളുടെ സൂപ്പർ താരം തിരുവമ്പാടിയിലെ കോസ്‌മോസിന്റെ പ്രിയപ്പെട്ട കളിക്കാരൻ നൗഫലാണ്.

ലോകത്തെ പ്രശസ്തമായ വൈറ്റ് വാട്ടർ കയാക്കിംഗ് ഫെസ്റ്റിവൽ നടക്കുന്നത് ഞങ്ങളുടെ ഇരവഴിഞ്ഞിപുഴയിലും ചാലിപ്പുഴയിലുമാണ്. മലബാർ റിവർ ഫെസ്റ്റിവലിന്‍റെ ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് അടുത്ത മാസം ആരംഭിക്കും. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ 'എന്ന് നിന്‍റെ മൊയ്‌തീൻ' എന്ന ചിത്രത്തിന്റെ ഇതിവൃത്തം ഞങ്ങളുടെ സുൽത്താൻ ബി പി മൊയ്‌തീന്‍റെയും കാഞ്ചനേടത്തിയുടെയും കഥയാണ്. എന്തിനേറെ,കേരളത്തിലെ മികച്ച മൂന്ന് ഫിലിം തീയേറ്ററുകളെടുത്താൽ അതിലൊന്ന് ഞങ്ങളുടെ നാട്ടിലാണ്.മുക്കത്ത്.!

ഞങ്ങളുടെ മലനിരകളെ നോക്കിയാണ് നിങ്ങളീ അബദ്ധം പറഞ്ഞിട്ടുണ്ടാവുക.എന്നാൽ വയനാട് ചുരവും തുഷാരഗിരിയും മറിപ്പുഴയും അരിപ്പാറയും പൂവാറൻതോടും മേടപ്പാറയും കക്കാടംപൊയിലുമെല്ലാമുൾപ്പെടുന്ന ഗിരിശ്രേഷ്ഠൻമാർ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്. ഇവിടുത്തെ കാലവസ്ഥയും അന്തരീക്ഷവുമെല്ലാം ഞങ്ങൾക്ക് അമ്മയെപ്പോലെ പ്രിയപ്പെട്ടതാണ്. താങ്കളുടെ ഒപ്പമുണ്ടായിരുന്ന സിനിമാ പിന്നണി പ്രവർത്തകർക്കും താങ്കളുടെ അതേ അഭിപ്രായമാണോ എന്നറിയാൻ താത്പര്യമുണ്ട്. താങ്കൾ താങ്കളുടെ പ്രസ്താവന തിരുത്താൻ തയ്യാറാകണം. ഒരിക്കൽ കൂടി പറയുന്നു.. തിരുവമ്പാടി ഒരു ഓണംകേറാ മൂലയല്ല.. അഭിമാനമാണ് തിരുവമ്പാടി..! ലിന്‍റോ ജോസഫ് എം.എൽ.എ,തിരുവമ്പാടി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News