സംവിധായകൻ ബാലചന്ദ്രകുമാറിനെയും വിളിപ്പിക്കും; ദിലീപിനെ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചിയിലേക്ക് വരണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടതായി ബാലചന്ദ്രകുമാർ പറഞ്ഞു

Update: 2022-01-23 05:17 GMT

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെയും വിളിപ്പിക്കും. കൊച്ചിയിലേക്ക് വരണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടതായി ബാലചന്ദ്രകുമാർ പറഞ്ഞു.

ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരോടാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ഇത് നിരാകരിച്ച കോടതി, പ്രതികളെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്ന വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചു.

Advertising
Advertising

അന്വേഷണസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാവും ഇന്നത്തെ ചോദ്യംചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനും ഇതിനായി ക്വട്ടേഷന്‍ നല്‍കിയത് സംബന്ധിച്ചും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയതിനെ കുറിച്ചും ഇത് നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും അന്വേഷണസംഘത്തിന് മൊഴികള്‍ ലഭിച്ചിട്ടുണ്ട്.

ബാലചന്ദ്രകുമാര്‍ നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തിലുള്ള ചോദ്യംചെയ്യലാണ് ആദ്യം നടക്കുക. ആദ്യഘട്ടത്തില്‍ പ്രതികളെ ഓരോരുത്തരെയായി ചോദ്യംചെയ്യലിന് വിധേയമാക്കും. അതിന് ശേഷം പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഗൂഢാലോചന നടന്നതായി പറയുന്ന ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ദിലീപടക്കമുള്ള പ്രതികളെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച കോടതിക്ക് മുന്നിലെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍.

News Summary : Director Balachandra Kumar will also be called; Dileep continues to be questioned

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News