'അയിത്തം അവകാശമാണ് എന്ന് പറഞ്ഞാൽ അത് സമ്മതിക്കില്ല, ആനുകൂല്യങ്ങൾ വിവേചനം അവസാനിപ്പിക്കില്ല'; മന്ത്രി കെ.രാധാകൃഷ്ണൻ

ജാതിവിവേചനം നേരിട്ടുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ വസ്തുതകൾക്ക് നിരക്കാത്തതെന്ന് യോഗക്ഷേമസഭ പ്രതികരിച്ചിരുന്നു

Update: 2023-09-20 10:06 GMT
Advertising

തിരുവനന്തപുരം: രാജ്യത്ത് ദലിത് വേട്ട വർധിക്കുന്നെന്നും ചോദ്യം ചെയ്തില്ലെങ്കിൽ അത് കേരളത്തിലേക്കും നീളുമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ. അയിത്തം അവകാശമാണ് എന്ന് പറഞ്ഞാൽ അത് സമ്മതിക്കില്ലെന്നും ആനുകൂല്യങ്ങൾ ലഭിച്ചാൽ മാത്രം വിവേചനം അവസാനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ചാന്ദ്രയാൻ ചന്ദ്രനിൽ പര്യവേക്ഷണം നടത്തുന്ന കാലമാണ്. അതേ സമയം സമൂഹം നേരിടുന്ന പ്രശ്നം പുതിയ തലമുറ തിരിച്ചറിയേണ്ടതുണ്ട്, രാജ്യം ഇന്ന് ചർച്ച ചെയ്യുന്ന വിഷയങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. രാജ്യം ഒരു മതേതര രാജ്യമാകണമെന്ന് ചർച്ച ചെയ്ത് വോട്ടെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത്. ഇതിന് കാരണം ഇന്ത്യയുടെ വൈവിധ്യമാണ്. ഇവയെ എല്ലാം ഉൾക്കൊള്ളേണ്ടതുണ്ട്. ഇത് ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. മതേതരത്വം ഭരണഘടനയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു. ഭരണഘടന നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്ന ചോദ്യം കുട്ടികളുടെ മനസിൽ ഉണ്ടാകണം. ഭരണഘടന നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം തുല്യതയാണ്. ഇതും ചോദ്യം ചെയ്യപ്പെടുന്നു. ഉത്തരേന്ത്യയിൽ കുട്ടിയെ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ചത് ഇത് കൊണ്ടാണ്. ഒന്നാകുകയാണ് വേണ്ടത്, അതിനു കഴിഞ്ഞില്ലെങ്കിൽ നാം ഉത്തരേന്ത്യൻ മാതൃകയിൽ ആയി തീരും' മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു

'ആദ്യമായി അമ്പലങ്ങളിൽ പോകുന്ന ആളല്ല ഞാൻ, നിരവധി അമ്പലങ്ങളിൽ പോകുന്ന ആളാണ്. അമ്പലത്തിനു അകത്ത് വച്ചല്ല ഈ സംഭവം നടക്കുന്നത്, പൊതു ജനങ്ങൾക്ക് ഇടയിൽ വച്ചാണ്. അയിത്തം അവകാശമാണ് എന്ന് പറഞ്ഞാൽ അത് സമ്മതിക്കില്ല എന്ന് പറയും. ആനുകൂല്യങ്ങൾ ലഭിച്ചാൽ മാത്രം വിവേചനം അവസാനിക്കുന്നില്ല. രാജ്യത്ത് ദലിത് വേട്ട വർധിക്കുന്നു. ചോദ്യം ചെയ്തില്ലെങ്കിൽ അത് കേരളത്തിലേക്കും നീളും. ഇല്ലാതാക്കിയത് തിരിച്ചു കൊണ്ടുവരണം എന്ന് ആഗ്രഹമുള്ള ആളുകൾ ഉണ്ട്. അതിനു അനുവദിക്കില്ല എന്നാണ് പറയുന്നത്. ദേവപൂജ കഴിയുന്നതുവരെ ആരെയും തൊടില്ലെങ്കിൽ എന്തിനാണ് പുറത്തിറങ്ങിയത്. അങ്ങനെയെങ്കിൽ മുഴുവൻ ശുദ്ധികലശം നടത്തേണ്ടേ?. കണ്ണൂരിലെ വേദിയിൽ ഞാൻ പ്രതികരിച്ചിരുന്നു എന്നാൽ അന്ന് അത് ചർച്ചയായില്ല. ചില സമയങ്ങളാണ് ചർച്ച ഉയർത്തികൊണ്ടു വരുന്നത്.'- കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

ജാതിവിവേചനം നേരിട്ടുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് യോഗക്ഷേമസഭ പ്രതികരിച്ചിരുന്നു. ജാതി വിവേചനമല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റു പല വിവാദങ്ങൾ മറച്ചുപിടിക്കാനാണെന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ആരോപിച്ചു.

മന്ത്രി പക്വതയുള്ളയാളാണെന്നാണ് കരുതിയത്. പൂജക്ക് ഒരു നിയമമുണ്ട്. അതിനകത്ത് ജാതിയോ മതമോ ഇല്ല. ദേവസ്വം മന്ത്രി ആകുമ്പോൾ ഇതിനൊക്കെ കുറിച്ച് കുറച്ച് കൂടി അറിയേണ്ടതായിരുന്നു. ഇന്നത്തെക്കാലത്ത് ജാതിവിവേചനമൊന്നുമില്ലെന്നതാണ് സത്യം. എന്തൊക്കെയോ വാർത്തകൾ സൃഷ്ടിക്കാനാണോ ഇതെല്ലാമെന്ന് സംശയിക്കുകയാണെന്നും അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News