"പത്തും പതിനാറും മണിക്കൂറാണ് പണിയെടുക്കുന്നത്, മരിക്കാതിരിക്കാനും, കൊല്ലാതിരിക്കാനും നിങ്ങൾ സ്വയം തീരുമാനിക്കുക"

ആളുകള്‍ തെരുവില്‍ മരിച്ച് വീഴുന്നു, അതിനിടെ, അൻപതിൽ കൂടുതൽ ആളുകൾ ഒത്തുചേർന്നാൽ പ്രശ്നമുണ്ടോ എന്നുള്ള ചോദ്യങ്ങളുമായി വരുമ്പോൾ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണെന്നും ഡോ അഷീൽ

Update: 2021-04-28 09:44 GMT
Editor : Suhail | By : Web Desk
Advertising

കോവിഡ് വ്യാപനം രൂക്ഷമായിട്ടും ആളുകൾക്ക് അതിന്റെ ​ഗുരുരതരാവസ്ഥ മനസ്സിലാകാത്തത് എന്തുകൊണ്ടെന്ന് ഡോ മുഹമ്മദ് അഷീൽ. കഴിഞ്ഞ ഒന്നര വർഷമായി ആരോ​ഗ്യപ്രവർത്തകർ പത്തും പതിനാറും മണിക്കൂർ മരിച്ച് പണിയെടുക്കുമ്പോഴും, ആളെ കൂട്ടിയുള്ള പരിപാടികൾ നടത്താമോ എന്ന തരത്തിലുള്ള ചോദ്യങ്ങളുമായാണ് പലരും സമീപിക്കുന്നത്. ആരെ തോൽപ്പിക്കാനാണ് കണ്ണുവെട്ടിച്ചുള്ള ഒത്തുകൂടലുകൾ നടത്തുന്നതെന്നും അഷീൽ ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചു.

കോവിഡ‍് കേസുകൾ ദിനംപ്രതി ഇരട്ടിക്കുന്ന കാഴ്ച്ചയാണുള്ളത്. ഇപ്പോഴും കാര്യത്തിന്റെ ​ഗൗരവം മനസ്സിലാകാത്തവരുണ്ടങ്കിൽ ടി.വിയോ മൊബൈലോ എടുത്ത് ചുറ്റുമുള്ളത് മനസ്സിലാക്കാൻ ശ്രമിക്കട്ടെ. ആളുകൾ‌ ഓക്സജന് വേണ്ടി നെട്ടോട്ടമോടുന്നു. കൂട്ട ശവ സംസ്ക്കാരങ്ങൾ നടക്കുന്നു. തെരുവില്‍ മരിച്ച് വീഴുന്നു.. നമുക്കും ഇവിടെയുള്ള സൗകര്യങ്ങളൊന്നും മതിയാകാതെ പ്രശ്നം ​ഗുരുതരമാകാൻ അധികം താമസം വേണ്ടിവരില്ല.

കണക്കു പ്രകാരം, ഉത്തരേന്ത്യയിലേതിനേക്കാൾ, ഹൃദ്രോ​ഗികളുള്ള, ജനസാന്ദ്രത കൂടിയ, വയോജനങ്ങൾ കൂടുതലുള്ള ഇടമാണ് കേരളം. ഏറ്റവും കൂടുതല്‍ പേര്‍ മരിക്കാന്‍ അനുയോജ്യമായ സാഹചര്യാണ് ഇവിടെയുള്ളത്. മരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യം വെച്ചാണ് ആരോ​ഗ്യപ്രവർത്തകർ പകലും രാത്രിയുമില്ലാതെ പണിയെടുക്കുന്നത്. ഈ ഘട്ടത്തിൽ, ആദ്യമേ തീരുമാനിച്ച ചടങ്ങുകൾ ഒഴിവാക്കുക എന്നുള്ളതാണ് ശരിയായ തീരുമാനം. അതിനിടെ, അൻപതിൽ കൂടുതൽ ആളുകൾ ഒത്തുചേർന്നാൽ പ്രശ്നമുണ്ടോ എന്നുള്ള ചോദ്യങ്ങളുമായി വരുമ്പോൾ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണെന്നും ഡോ അഷീൽ ലൈവിൽ പറഞ്ഞു.

ലോക്ക് ഡൗൺ വന്നാലെ നിയമം പാലിക്കൂ, പൊലീസ് ഇറങ്ങിയാലെ നിയമം പാലിക്കൂ എന്നാണ് ചിലരുടെ തീരുമാനം എന്ന് തോന്നും ചിലപ്പോൾ. സ്വയം സൂക്ഷിച്ച് മരിക്കാതിരിക്കാനും, രോ​ഗം പടർത്തി മറ്റുള്ളവരെ കൊലക്ക് കൊടുക്കാതിരിക്കാനുമാണ് ഓരോരുത്തരും ശ്രമിക്കേണ്ടതെന്നും മുഹമ്മദ് അഷീൽ വികാരാധീനനായി പറഞ്ഞു.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News