'ഇനിയും സഹിക്കണോ കേന്ദ്ര അവഗണന': മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ

പന്ത്രണ്ട് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

Update: 2024-01-20 12:04 GMT
Editor : banuisahak | By : Web Desk
Advertising

കാസർകോട്: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്ഐ  മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു. കാസർകോട് റെയിവേ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെയാണ് മനുഷ്യച്ചങ്ങല തീർത്തത്. 'ഇനിയും സഹിക്കണോ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധം.

കേന്ദ്രങ്ങളിൽ പ്രവർത്തകരടക്കം വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. വയോധികർ മുതൽ കുട്ടികൾ വരെ മനുഷ്യച്ചങ്ങലയുടെ ഭാഗമായി. വിവിധ ട്രേഡ് യൂണിയനുകളും തൊഴിലാളി വിദ്യാർത്ഥി സംഘടനകളും അണിനിരന്നു. ട്രയലിന് ശേഷം കൃത്യം അഞ്ചുമണിക്ക് തന്നെ കൈകോർത്ത് റോഡരികിൽ ആളുകൾ അണിനിരന്ന പ്രതിജ്ഞയെടുത്തു. മോദിഭരണം തുലയട്ടെ, ഹിന്ദുവാദം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളും ഇങ്ക്വിലാബ് വിളികളുമായാണ് പ്രതിജ്ഞ അവസാനിപ്പിച്ചത്.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എഎ റഹീം ആദ്യ കണ്ണിയായി. അവസാന കണ്ണിയായി ഡിവൈഎഫ്ഐ ആദ്യ അഖിലേന്ത്യാ പ്രസിഡൻ്റ് ഇപി ജയരാജൻ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും മകൾ വീണയും, ചങ്ങല അവസാനിക്കുന്ന തിരുവനന്തപുരം രാജ്ഭവന് മുന്നിലെ മനുഷ്യച്ചങ്ങലയുടെ ഭാഗമായി. 

മലപ്പുറം കുന്നുമ്മലിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കെ.ടി ജലീൽ എം. എൽ എ , പി.വി അൻവർ എം. എൽ. എ , പി.നന്ദകുമാർ എം .എൽ എ , ടി.കെ ഹംസ , നിലമ്പൂർ ആയിശ എന്നിവർ പങ്കെടുക്കും. കൊണ്ടോട്ടിയിൽ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് വി.പി സാനു , പെരിന്തൽമണ്ണയിൽ പാലോളി മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.

പ്രമുഖ എഴുത്തുകാരൻ എം മുകുന്ദൻ ആശംസകൾ നേർന്നു. നേടാൻ പറ്റാത്ത അവകാശങ്ങൾ തട്ടിപ്പറിച്ച് വാങ്ങണമെന്നും ഐതിഹാസികമായ മുഹൂർത്തമാണിതെന്നും എം മുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. 

ജനങ്ങളെ അണിനിരത്തിയുള്ള ഏത് പ്രതിഷേധവും വിജയംകാണുമെന്ന് സംവിധായകൻ ആഷിക് അബു പറഞ്ഞു. ഡിവൈഎഫ്ഐയുടെ പ്രതിഷേധം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തോട് സഹകരിക്കാത്ത പ്രതിപക്ഷത്തെ സിപിഎം കേന്ദ്രകമ്മറ്റി അംഗം എകെ ബാലൻ വിമർശിച്ചു. മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത പ്രമുഖരിൽ പലരും പ്രത്യേക രാഷ്ട്രീയ ചായ്‌വുള്ളവരല്ല. പ്രതിപക്ഷത്തിന്റെ നിലപാടിനെ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണിതെന്നും എകെ ബാലൻ പറഞ്ഞു. 

റെയിൽവേ യാത്രാ ദുരിതം, കേരളത്തോടുള്ള അവ​ഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നിവയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രധാന മുദ്രാവാക്യങ്ങൾ. ശേഷം പന്ത്രണ്ട് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News