സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍; എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ

രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം

Update: 2022-07-21 04:03 GMT
Advertising

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇതേ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ് ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കിയിരുന്നു.

കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനും മുൻപ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം. എന്നാൽ കോവിഡ് ബാധയെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ജൂൺ 21നും പിന്നീട് ജൂലൈ 21നും ഇഡി സമയം നൽകി.

നാഷണൽ ഹെറാൾഡിന്റെ മാതൃസ്ഥാപനമായ യംഗ് ഇന്ത്യയെ സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുത്തപ്പോൾ ആസ്തി കൈമാറ്റത്തിൽ ഉൾപ്പടെ അഴിമതി നടന്നു എന്നാണ് കേസിലെ ആരോപണം.

സോണിയാഗാന്ധിയുടെ വസതിയിൽ ഇന്നലെ രാത്രി കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേർന്നിരുന്നു. മല്ലികാർജുൻ ഖാർഗെയ്ക്കും പവൻ ബൻസാലിനും പിന്നാലെ അഞ്ച് ദിവസമാണ് രാഹുൽ ഗാന്ധിയെ ഇതേ കേസിൽ ഇഡി ചോദ്യം ചെയ്തത്. അഞ്ച് ദിവസവും ഡൽഹിയിൽ സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച് കേരളത്തിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവൻ ഉപരോധിക്കും. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ഡിസിസിയുടെ നേതൃത്വത്തിലാണ് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നത്. രാവിലെ 10.30 ന് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസൻ തുടങ്ങിയവർ രാജ് ഭവൻ ഉപരോധത്തിൽ പങ്കെടുക്കും.

അതേസമയം സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്തി പ്രധിഷേധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പാർലമെന്റ് നടപടികൾക്ക് മുന്നോടിയായി പ്രതിപക്ഷ പാർട്ടി നേതാക്കൾ മാധ്യങ്ങളെ കാണും. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. ലോക്‌സഭയിലും രാജ്യസഭയിലും വിഷയം ഉന്നയിക്കും. വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടും. ഓരോ ബില്ലുകൾ വീതം ഇരുസഭകളിലും ഇന്ന് അവതരിപ്പിക്കും.

കഴിഞ്ഞ മൂന്ന് ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരു സഭകളും സ്തംഭിച്ചിരുന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 30 മിനിറ്റിൽ താഴെ മാത്രമാണ് രാജ്യസഭ സമ്മേളിച്ചത്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ശൂന്യ വേളയിൽ പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്. സഭാ നടപടികൾ തടസപ്പെടുത്തുന്നതിൽ ലോക്‌സഭ സ്പീക്കർ ഓം ബിർളക്ക് അതൃപ്തിയുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News