Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം:പോക്സോ കേസിൽ ഉൾപെട്ട വിവാദ യൂട്യൂബറെ പ്രവേശനോത്സവച്ചടങ്ങിൽ മുഖ്യാതിഥിയാക്കിയ സ്കൂൾ നടപടി വിവാദത്തിൽ. പോക്സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായത്.
നഗരത്തിലെ പുരാതനമായ എയ്‌ഡഡ് സ്‌കൂളിലാണ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധനഗ്നയാക്കി വീഡിയോ ചിത്രീകരിച്ച കേസിൽ പ്രതിചേർക്കപ്പെട്ട മുകേഷ് എം. നായരെയാണ് മുഖ്യാതിഥിയാക്കിയത്. പോക്സോ കോടതിയിൽനിന്ന് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇയാൾ സ്കൂളിൽനിന്ന് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകാനാണ് എത്തിയത്.
പോക്സോ കേസിൽ ഉൾപ്പെട്ട അധ്യാപകരെ സർവിസിൽ നിന്ന് നീക്കം ചെയ്യുന്നതടക്കം കർശന നിലപാടുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമ്പോഴാണ് വകുപ്പിനുതന്നെ കളങ്കമുണ്ടാക്കുന്ന സംഭവം.സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് മുകേഷ് എം. നായരെ മുഖ്യാതിഥിയായി എത്തിച്ചതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു.
റിട്ടയർഡ് അസിസ്റ്റൻ്റ് കമ്മീഷണർ സുനിൽ ഒ.എ, ഫോർട്ട് വാർഡ് കൗൺസിലർ ജാനകി അമ്മാളും ഫോർട്ട് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ പങ്കെടുത്തിരുന്നു.