കഠിനംകുളത്ത് ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
കൊല്ലപ്പെട്ട റിച്ചാർഡിന്റെ ഭാര്യാസഹോദരിയുടെ മകനാണു പ്രതി സനിൽ
കൊല്ലപ്പെട്ട റിച്ചാര്‍ഡ്
തിരുവനന്തപുരം: കഠിനംകുളത്ത് ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം സ്വദേശി റിച്ചാർഡ് (52) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നാണു കൊലപാതകമെന്നാണു വിവരം. സംഭവത്തില്‍ പ്രതി സനിൽ(32) പിടിയിലായിട്ടുണ്ട്. ഇയാളെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്കു മൂന്നരയോടെയാണു സംഭവം. ശാന്തിപുരത്തെ റിച്ചാർഡിന്റെ വീട്ടിനുമുന്നിൽ വച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സനിൽ റിച്ചാർഡിനെ കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിച്ചാർഡിന്റെ ഭാര്യാസഹോദരിയുടെ മകനാണു പ്രതി സനിൽ. ഇവർ തമ്മിൽ ഇതിനുമുൻപും വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
Summary: An elderly man stabbed to death by a relative at Santhipuram, Kadinamkulam, Thiruvananthapuram