നടിയെ ആക്രമിച്ചകേസ്: കോടതിവിധിയിൽ നീതിയും കരുതലുമില്ല- ഡബ്ല്യുസിസി
വിധി സൂക്ഷ്മമായി പഠിച്ച് തുടർനടപടികളുമായി ശക്തമായി മുന്നോട്ടു വരും. പോരാട്ടം തുടരുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കി
കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് ഡബ്ല്യുസിസി. ഈ വിധി കടുത്ത നിരാശയാണ്. എട്ടരവർഷം നീണ്ട ഈ പോരാട്ടത്തിൽ അത് ഞങ്ങളുടെ സഹപ്രവർത്തകക്ക് മുന്നിൽ ബാക്കിവെച്ചത് നീതിയല്ല...കരുതലല്ല. പെൺ കേരളത്തിന് അത് നൽകുന്ന സാമൂഹ്യപാഠം ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനമായ വിലക്കാണ്. വിധി സൂക്ഷ്മമായി പഠിച്ച് തുടർനടപടികളുമായി ശക്തമായി മുന്നോട്ടു വരും. പോരാട്ടം തുടരുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.
വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും വിധിയിൽ അത്ഭുതമില്ലെന്നും ഇന്ന് അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഒന്നാം പ്രതി തന്റെ ഡ്രൈവറാണെന്ന് പറയുന്നത് ശുദ്ധ നുണയാണ്. വിധിയിൽ അത്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയിൽ നിന്ന് മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസിലായിരുന്നു എന്നും അതിജീവിത ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.