'മുനമ്പം വഖഫ് ഭൂമി തന്നെ'; കെ.എം ഷാജിയെ പിന്തുണച്ച് ഇ.ടി മുഹമ്മദ് ബഷീർ
കെ.എം ഷാജി പറഞ്ഞത് ലീഗ് നിലപാടല്ലെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷാജിയെ പിന്തുണച്ച് ഇ.ടി മുഹമ്മദ് ബഷീർ രംഗത്തെത്തിയത്.
ന്യൂഡൽഹി: മുമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. വഖഫ് ചെയ്തതിന് രേഖകളുണ്ട്. ഇടതുപക്ഷ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. വഖഫ് ഭൂമിയാണ് എന്ന സത്യം നിലനിർത്തി പ്രശ്‌നപരിഹാരത്തിന് സർക്കാർ തയ്യാറാകണം. വിഷയത്തിൽ പ്രതിപക്ഷനേതാവുമായി ഏറ്റുമുട്ടലിനില്ല. മുനമ്പം വിഷയത്തിൽ കെ.എം ഷാജി പറഞ്ഞത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
എന്നാൽ മുനമ്പം വിഷയത്തിൽ ലീഗിന് ഒറ്റ അഭിപ്രായം മാത്രമാണുള്ളതെന്നും അത് സാദിഖലി തങ്ങൾ പറഞ്ഞതാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രസംഗത്തിൽ പലരും പലതും പറയും അത് പാർട്ടി നിലപാടല്ല എന്നായിരുന്നു ഷാജിയെ തള്ളിക്കൊണ്ട് സാദിഖലി തങ്ങൾ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ എടുത്തതാണ് ലീഗ് നിലപാട്. അതിൽ മാറ്റമില്ല എന്നും സാദിഖലി തങ്ങൾ പറഞ്ഞിരുന്നു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. സമസ്ത നേതാക്കളും കാന്തപുരം വിഭാഗവും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന തള്ളി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുനമ്പം വഖഫ് ഭൂമിയാണെന്ന കെ.എം ഷാജിയുടെ പ്രസംഗം ചർച്ചയായത്. എന്നാൽ മുനമ്പത്തിന്റെ പേരിൽ വർഗീയ ധ്രൂവീകരണത്തിന് ശ്രമം നടക്കുന്ന സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിനാണ് പ്രധാന്യം നൽകേണ്ടത് എന്ന നിലപാടാണ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും സ്വീകരിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. വഖഫ് തർക്കത്തിൽ നിയമപരമായ പരിഹാരമുണ്ടാകട്ടെ എന്ന നിലപാടിലാണ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും നിൽക്കുന്നത്.
ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇ.ടി മുഹമ്മദ് ബഷീർ രംഗത്തെത്തിയത്. ഡോ. എം.കെ മുനീറും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള സമ്മർദത്തിന്റെ പേരിൽ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് സ്വീകരിച്ചാൽ അത് ഭാവിയിൽ മറ്റു വഖഫ് സ്വത്തുക്കളുടെ കയ്യേറ്റം ചോദ്യം ചെയ്യുന്നതിൽ തടസ്സമാകുമെന്ന നിലപാടാണ് ലീഗിൽ ഒരു വിഭാഗത്തിനുള്ളത്. മുനമ്പം വഖഫ് ഭൂമിയാണെന്ന് കെ.പി.എ മജീദ് നിയമസഭയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.