വായിച്ച് തീർത്തപ്പോഴും കണ്ണീർ തോരുന്നുണ്ടായിരുന്നില്ല; വായനാനുഭവം പങ്കുവെച്ച് വി.ഡി സതീശൻ

വളരെ വൈകാരികമായൊരു ഫേസ്ബുക്ക് പോസ്റ്റിലാണ് പാരീസിൽ അധ്യാപകനും ഗവേഷകനുമായ ബാബു അബ്രഹാമിന്റെ 'കമ്പിളികണ്ടത്തെ കൽഭരണികൾ'എന്ന പുസ്‌കത്തെക്കുറിച്ച് സതീശൻ പറഞ്ഞത്

Update: 2025-07-07 16:39 GMT

കോഴിക്കോട്: പാരീസിൽ അധ്യാപകനും ഗവേഷകനുമായ ബാബു അബ്രഹാമിന്റെ 'കമ്പിളികണ്ടത്തെ കൽഭരണികൾ'എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചങ്ക് തുളച്ചുകയറുന്ന ഭാഷയിൽ സ്വന്തം ഹൃദയം കൊണ്ടെഴുതിയ പുസ്തകമെന്നാണ് വി.ഡി സതീശൻ വിശേഷിപ്പിച്ചത്. വളരെ വൈകാരികമായൊരു ഫേസ്ബുക്ക് പോസ്റ്റായാണ് സതീശൻ തന്റെ വായനാനുഭവം പങ്കുവെച്ചത്.

പല അധ്യായങ്ങളും വായിച്ചപ്പോൾ കരച്ചിൽ നിയന്ത്രിക്കാനായില്ല. വായിച്ചു തീർത്തപ്പോഴും കണ്ണീർ തോരുന്നുണ്ടായിരുന്നില്ല. ദുരിതവും പട്ടിണിയും തിക്താനുഭവങ്ങളും അവഗണനയും തീമഴ പോലെ പെയ്തിറങ്ങിയ ഒരു ബാല്യവും കൗമാരവും അദ്ദേഹം ഓർത്തെടുക്കുകയാണ്. എനിക്കത് മുഴുവൻ ഇവിടെ എഴുതി വെക്കണമെന്നുണ്ട്. ചെയ്യുന്നില്ല. കാരണം നിങ്ങളത് വായിക്കണമെന്ന് സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Advertising
Advertising

പുസ്തകം വായിച്ചു കഴിഞ്ഞതിന്റെ പിറ്റേന്ന് മാതൃഭൂമി ബുക്‌സിൽ വിളിച്ച് 1000 പുസ്തകങ്ങൾ ഓർഡർ ചെയ്തതായും ജൂലൈ 19ന് പറവൂരിൽ സംഘടിപ്പിക്കുന്ന മെറിറ്റ് അവാർഡിൽ കുട്ടികൾക്ക് കൊടുക്കാനാണെന്നും സതീശൻ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ രൂപം:

പാരീസിൽ അധ്യാപകനും ഗവേഷകനുമായ ശ്രീ. ബാബു അബ്രഹാം എഴുതിയ 'കമ്പിളികണ്ടത്തെ കൽഭരണികൾ' വായിച്ചു. എനിക്ക് ഇന്നേവരെ കിട്ടിയിട്ടില്ലാത്ത വല്ലാത്തൊരു വായനാനുഭവമായിരുന്നു. പല അധ്യായങ്ങളും വായിച്ചു കഴിഞ്ഞപ്പോൾ കരച്ചിൽ നിയന്ത്രിക്കാനായില്ല. വായിച്ചുതീർത്തപ്പോഴും കണ്ണീർ തോരുന്നുണ്ടായിരുന്നില്ല. ദുരിതവും പട്ടിണിയും തിക്താനുഭവങ്ങളും അവഗണനയുംതീമഴ പോലെ പെയ്തിറങ്ങിയ ഒരു ബാല്യവും കൗമാരവും അദ്ദേഹം ഓർത്തെടുക്കുകയാണ്. മദ്യപാനം മൂത്ത് തന്നെയും മൂന്ന് സഹോദരിമാരെയും ഉപേക്ഷിച്ച് അപ്പൻ പോയപ്പോൾ ചേർത്ത് പിടിച്ച അമ്മയാണ് താരം. കൃഷിപ്പണി ചെയ്തും മറ്റ് വീടുകളിൽ പണിക്കു പോയും കല്ലും മണ്ണും ചുമന്നും ആ ധീരയായ അമ്മ മക്കളെപ്പോറ്റി. പട്ടിണി കൂടിയപ്പോൾ കുറെ നാൾ അനാഥാലയത്തിലും ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞ ഒരു ബാലന്റെ സങ്കടങ്ങൾ.

വൈകുന്നേരം വിശപ്പുമാറ്റാൻ കിട്ടുന്ന ചോറും ഇറച്ചിക്കറിയും ഓർത്ത് അനാഥാലയത്തിലെ സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങൾ ചുമന്നത്, പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എല്ലാ ദിവസവും രാവിലെ നാലരക്ക് എഴുന്നേറ്റ് മണ്ണു ചുമന്ന് പിന്നെ 16 കിലോമീറ്റർ നടന്ന് കോളേജിൽ പോയത്, ഹോട്ടലിൽ പാത്രം കഴുകിയത്..... എണ്ണിയാൽ തീരാത്ത ദുരിതങ്ങൾ. ഇതിനിടയിലാണ് പഠിച്ചു റാങ്ക് നേടി എല്ലാത്തിലും ഒന്നാമതായത്. സങ്കടങ്ങൾ കൂടിയപ്പോൾ ദൈവത്തോട് കലഹിച്ചത്, അമ്മയെയും സഹോദരിമാരെയും ചേർത്ത് പിടിച്ചത്... ചങ്ക് തുളച്ചു കയറുന്ന ഭാഷയിൽ സ്വന്തം ഹൃദയരക്തം കൊണ്ട് എഴുതിയ പുസ്തകം. എനിക്കത് മുഴുവൻ ഇവിടെ എഴുതി വയ്ക്കണമെന്നുണ്ട്. ചെയ്യുന്നില്ല. കാരണം നിങ്ങളത് വായിക്കണം.

വായിച്ചു കഴിഞ്ഞതിന്റെ പിറ്റേന്ന് ഞാൻ മാതൃഭൂമി ബുക്സിൽ വിളിച്ച് 1000 പുസ്തകങ്ങൾ ഓർഡർ ചെയ്തു. ജൂലൈ 19 ന് പറവൂരിൽ സംഘടിപ്പിക്കുന്ന മെറിറ്റ് അവാർഡിൽ എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാനാണ്. അവരത് വായിക്കട്ടെ.

ഞാൻ നിങ്ങളോടും പറയുന്നു; നിങ്ങളുടെ മക്കൾക്ക് ഈ പുസ്തകം വാങ്ങിക്കൊടുക്കണം. ഒരു പക്ഷെ നിങ്ങൾ അവർക്ക് കൊടുക്കുന്ന ഏറ്റവും മികച്ചസമ്മാനമാകുമിത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News