ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

കഴിഞ്ഞ സെപ്റ്റംബർ 20നാണ് ആദിവാസി യുവാവിനെ ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്.

Update: 2023-05-24 05:06 GMT
Editor : banuisahak | By : Web Desk

ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സസ്‌പെൻഷനിൽ ആയിരുന്ന മുഴുവൻ വനംവകുപ്പ് ഉദ്യോഗസ്ഥരെയും സർവീസിൽ തിരിച്ചെടുത്തു. കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ അടക്കം ആറുപേരുടെ സസ്പെൻഷനാണ് ഇന്നലെ പിൻവലിച്ചത്. സരുൺ സജിയുടെ പരാതിയിൽ കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

കഴിഞ്ഞ സെപ്റ്റംബർ 20നാണ് ആദിവാസി യുവാവിനെ ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് വനംവകുപ്പ് കസ്റ്റഡിയിൽ എടുക്കുന്നതും റിമാൻഡ് ചെയ്യുന്നതും. പത്ത് ദിവസത്തോളം ഇദ്ദേഹം ജയിൽവാസം അനുഭവിച്ചു. ജനകീയ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് തന്നെ നടത്തിയ അന്വേഷണത്തിൽ യുവാവ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിരുന്നു.

Advertising
Advertising

കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലായി. പിന്നാലെ, ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ലെനിൻ, ഷിജിരാജ്, സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി, വാച്ചർമാരായ മോഹൻ, ജയകുമാർ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്.

നടപടി കാലാവധി അവസാനിച്ചതിനാലാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞതിനാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും കാണുന്നില്ലെന്ന് വനംവകുപ്പ് പറയുന്നു. 

പക്ഷേ, പട്ടികജാതി പട്ടികവർഗ നിയമപ്രകാരം പൊലീസ് എടുത്ത കേസ് നിലവിലുണ്ട്. ഇതിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ സർവീസിൽ തിരിച്ചെടുക്കാനാവില്ലെന്നാണ് യുവാവിന്റെ കുടുംബം അറിയിക്കുന്നത്. വനംവകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News