എറണാകുളത്ത് പെറ്റിക്കേസ് പിഴയിൽ തട്ടിപ്പ്; നാലു വർഷത്തിനിടെ വനിതാ സിപിഒ തട്ടിയെടുത്തത് 16 ലക്ഷം രൂപ
ശാന്തി കൃഷ്ണനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു
കൊച്ചി: എറണാകുളത്ത് പെറ്റി കേസ് പിഴയിൽ തട്ടിപ്പ്. നാലു വർഷത്തിനിടെ വനിതാ സി പി ഒ 16 ലക്ഷം രൂപ തട്ടിയെടുത്തു.മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. ശാന്തി കൃഷ്ണനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. ബാങ്ക് രസീതുകൾ, ക്യാഷ് ബുക്ക് എന്നിവയിൽ കൃത്രിമം വരുത്തിയായിരുന്നു തട്ടിപ്പ്.
നിലവിൽ വാഴക്കുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ശാന്തി. ഡിഐജി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തായത്. പൊലീസ് സ്റ്റേഷനിലെ റെക്കോർഡ് ബുക്കിലും രസീതുകളിലും യഥാർത്ഥ തുക എഴുതിച്ചേർത്ത ശേഷം ചെല്ലാനില്‍ തുക കുറച്ചു കാണിച്ചായിരുന്നു തട്ടിപ്പ്. ബാങ്കിൽ പണം അടച്ച ശേഷം ബാങ്ക് രസീതിൽ ബാക്കി തുക കൂടി എഴുതി ചേർത്താണ് തട്ടിപ്പ് നടത്തിയത്.
നാലുവർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. 2015 മുതലുള്ള കണക്കുകൾ പരിശോധിക്കും. കൂടുതൽ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നിലവിൽ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് ആണ് അന്വേഷണ ചുമതല. കേസ് വിജിലൻസിന് കൈമാറാനും സാധ്യതയുണ്ട്.