തൃശൂരിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപ്പിടിത്തം

പുക ശ്വസിച്ച് ഒരു വയോധികന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

Update: 2022-10-05 16:15 GMT
Advertising

തൃശൂർ: വെളിയന്നൂരിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. ചാക്കപ്പായ് സൈക്കിള്‍ സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആളപായമില്ല. ശക്തന്‍ സ്റ്റാന്റിനും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനും ഇടയിലുള്ള പ്രദേശത്താണ് ഈ കെട്ടിടം.

ഇതിന്റെ മൂന്നാമത്തെ നിലയിലാണ് ആദ്യം തീപ്പിടിച്ചത്. പിന്നീട് താഴെത്തെ നിലകളിലേക്ക് കൂടി തീ ആളിപ്പടരുകയായിരുന്നു. സൈക്കിള്‍ ആയതിനാല്‍ ടയറുകള്‍ക്ക് തീപ്പിടിച്ചാണ് ആളിപ്പടര്‍ന്നത്. തൃശൂര്‍ നിന്നും പുതുക്കാട് നിന്നുമുള്ള നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഈ കെട്ടിടത്തിനു അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നിട്ടില്ല. എന്നാൽ ടയര്‍ കത്തി സമീപപ്രദേശങ്ങളാകെ വലിയ തോതില്‍ പുക പടര്‍ന്നിരിക്കുകയാണ്. ഈ പുക ശ്വസിച്ച് ഒരു വയോധികന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ആരുമുണ്ടായിരുന്നില്ല. ഇവിടെ തീ പിടിച്ചതായി അറിഞ്ഞതോടെ താഴത്തെ നിലകളിലുള്ളവരെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സൈക്കിളുടക്കം കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു.

അതേസമയം, തിരുവനന്തപുരം പെരുമാതുറയിൽ വീടിന് തീപ്പിടിച്ചിരുന്നു. വലിയപള്ളിക്ക് സമീപം താമസിക്കുന്ന ഷാക്കിറിന്റെ വീടിനാണ് തീപ്പിടിച്ചത്.

ഒരു മുറി പൂർണമായി കത്തി നശിച്ചു. ഷാക്കിറിന്റെ കുട്ടികൾ വിവരം നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി തീ അണയ്ക്കുകയായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News