108 ആംബുലൻസ് പദ്ധതിയിൽ ഒന്നാം പിണറായി സർക്കാർ നടത്തിയത് 250ൽ പരം കോടിയുടെ കമ്മിഷൻ തട്ടിപ്പ്: രേഖകൾ പുറത്തു വിട്ട് രമേശ് ചെന്നിത്തല

''ചിലവ് വര്‍ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പാതി തുകയില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ കമ്പനിക്കു കഴിയുമെങ്കില്‍ 2019 ലെ പ്രത്യേക കാബിനറ്റ് അനുമതിയുടെ കമ്മിഷന്‍ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കണം''

Update: 2025-08-27 09:32 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലന്‍സ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയില്‍ 250 കോടിയില്‍ പരം കോടി രൂപയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

'2019-24 കാലഘട്ടത്തില്‍ കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലന്‍സുകളുടെ നടത്തിപ്പ് അഞ്ചു വര്‍ഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്കു നല്‍കിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു 316 ആക്കി.

എന്നാല്‍ ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലന്‍സുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെന്‍ഡര്‍ ചെയ്തിരിക്കുന്നത് 293 കോടി രൂപ മാത്രം. ചിലവ് വര്‍ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പാതി തുകയില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ കമ്പനിക്കു കഴിയുമെങ്കില്‍ 2019 ലെ പ്രത്യേക കാബിനറ്റ് അനുമതിയുടെ കമ്മിഷന്‍ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടില്‍ പങ്കുണ്ട്' - ഇതുസംബന്ധിച്ച രേഖകള്‍ പുറത്തു വിട്ട് രമേശ് ചെന്നിത്തല പറഞ്ഞു.

Advertising
Advertising

''തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടന്നത്. സെക്കന്‍ഡരാബാദ് ആസ്ഥാനമായ ജിവികെ ഇഎംആര്‍ഐ എന്ന കമ്പനിക്കാണ് 2019 ല്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി രണ്ടിരട്ടി തുകയ്ക്ക് കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ ഈ കരാര്‍ നല്‍കിയത്. ബഹുരാഷ്ട്ര ഗ്രൂപ്പായ ജിവികെ ഗ്രൂപ്പിന്റെ ഭാഗമാണ് ജിവികെ ഇഎംആര്‍ഐ. ആദ്യം ടെന്‍ഡര്‍ നല്‍കിയ രണ്ടു കമ്പനികളില്‍ ഒന്നിനെ അയോഗ്യമാക്കിയ ശേഷം അത് ടെൻഡർ തന്നെ റദ്ദാക്കി. രണ്ടാമത് ക്ഷണിച്ച ടെൻഡറിൽ ജിവികെയുമായിരുന്നു പങ്കെടുത്തത്. എന്നിട്ടും അവരുടെ ടെൻഡർ അംഗീകരിക്കാൻ പ്രത്യേക കാബിനറ്റ് നടപടി എടുത്തു.

2019ല്‍ ആംബുലന്‍സ് നടത്തിപ്പിന് ടെന്‍ഡര്‍ കൊടുത്ത ജിവികെ ഇഎംആര്‍ഐ രേഖപ്പെടുത്തിയ തുക യാതൊരു സ്‌ക്രൂട്ടിനിയും കൂടാതെ കാബിനറ്റിനു മുമ്പാകെ വെച്ച് പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഈ പ്രത്യേക അനുമതി നല്‍കിയത്. ഇതുമൂലം കുറഞ്ഞ പക്ഷം ഖജനാവിന് 250 കോടിയുടെ എങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. 

 ഇന്ധനവിലയിലും സ്പെയര്‍പാര്‍ട്സ് വിലയിലും അഞ്ചു വര്‍ഷം മുമ്പത്തേക്കാള്‍ ഏതാണ്ട് 30 ശതമാനം വര്‍ധനവും കൂടുതല്‍ ആംബുലന്‍സുകളും ഉണ്ടായിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 43 ശതമാനം തുക കുറച്ചാണ് ഇപ്പോള്‍ ക്വോട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ വന്‍തുക നല്‍കിയതെന്തിനാണ് എന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും മറുപടി പറയാന്‍ ബാധ്യസ്ഥരാണ്''- രമേശ് ചെന്നിത്തല പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News