വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15ന് എത്തും; മന്ത്രി അഹമ്മദ് ദേവർകോവിൽ

കടലിൽ ചെറിയ പ്രതിസന്ധികളുണ്ടായി. അതിനാൽ കപ്പലിന്റെ വേഗത കുറയ്ക്കേണ്ടി വന്നു.

Update: 2023-09-25 07:36 GMT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ നാലിന് എത്തില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. കടലിൽ ചെറിയ പ്രതിസന്ധികളുണ്ടായി. അതിനാൽ കപ്പലിന്റെ വേഗത കുറയ്ക്കേണ്ടി വന്നു. ഒക്ടോബർ 15ന് വൈകുന്നേരം നാലിന് കപ്പലെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യ കപ്പൽ എത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോബാളും സ്വീകരിക്കാനെത്തുമെന്നും 2024 മെയിൽ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഷെൻഹുവ 15 എന്ന ചൈനീസ് ചരക്കു കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പൽ ഇപ്പോൾ ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തേക്ക് നീങ്ങുകയാണ്.

നേരത്തെ തീരുമാനിച്ചപോലെ തന്നെ ആ​ഗസ്റ്റ് 31ന്‌ തന്നെ കപ്പൽ ചൈനയിൽ നിന്ന്‌ പുറപ്പെട്ടു. ഷാങ്‌ഹായ്‌, വിയറ്റ്‌നാം, സിംഗപ്പുർ എന്നിവിടങ്ങളിലെ കടലിലുണ്ടായ ടൈക്കൂൺ സാഹചര്യം മൂലം ശരാശരി 3,4 നോട്ടിക്കൽ മൈൽ വേഗതയിലാണ്‌ കപ്പൽ സഞ്ചരിച്ചത്‌.

മുൻ തീരുമാനപ്രകാരം സെപ്‌തംബർ 20ന്‌ ഗുജറാത്തിലെ മുദ്ര പോർട്ടിൽ എത്തേണ്ടതായിരുന്നു. എന്നാൽ ഇന്നലെയാണ്‌ കപ്പൽ വിഴിഞ്ഞത്തുകൂടി മുദ്രയിലേക്ക്‌ നീങ്ങിയത്‌. ഇതുപ്രകാരം ഒക്ടോബർ 15 ഞായറാഴ്‌ച നാലിന്‌ കപ്പൽ വിഴിഞ്ഞത്ത്‌ എത്തും- മന്ത്രി വിശദമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News