വിഴിഞ്ഞം തുറമുഖം; സമരം കടുപ്പിച്ച് ലത്തീന്‍ അതിരൂപത; 10 ഇടങ്ങളില്‍ റോഡ് ഉപരോധിച്ചു

ഇത്രയും കാലം സമരം ചെയ്തിട്ടും ഒരാവശ്യം പോലും അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും അതുകൊണ്ടാണ് റോഡ് ഉപരോധമെന്ന സമരമാർഗത്തിലേക്ക് തിരിയേണ്ടി വന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

Update: 2022-10-17 07:52 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരം കടുപ്പിച്ച് ലത്തീൻ അതിരൂപത. തിരുവനന്തപുരം ബൈപ്പാസ് അടക്കം 10 സ്ഥലങ്ങളിൽ സമരക്കാർ റോഡ് ഉപരോധിച്ചു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. ഉന്നയിച്ച ആവശ്യങ്ങൾ മുഴുവനും അംഗീകരിക്കും വരെ സമരം തുടരുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു .

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ രാവിലെ എട്ടരയ്ക്ക് റോഡ് ഉപരോധം തുടങ്ങി. ആറ്റിങ്ങൽ മുതൽ വിഴിഞ്ഞം വരെയുള്ള റോഡിൽ സമരക്കാർ ഉപരോധം തീർത്തു. വാഹന ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയതോടെ തിരുവനന്തപുരം നഗരം നിശ്ചലമായി. നടുറോഡിൽ പാട്ടുപാടിയും നൃത്തം വച്ചും കുത്തിയിരുന്നുമാണ് റോഡ് ഉപരോധിച്ചത്. ചിലർ നടു റോഡിൽ കഞ്ഞിവെച്ചു. ജനങ്ങളെ മനഃപൂര്‍വം ബുദ്ധിമുട്ടിക്കാനാണ് റോഡ് ഉപരോധിച്ചതെന്ന് ലത്തീൻ രൂപത പറഞ്ഞു.

ഇപ്പോൾ ബുദ്ധിമുട്ട് നേരിടുന്നവർ എന്തുകൊണ്ടാണ്, വർഷങ്ങളായി സിമന്‍റ് ഗോഡൗണുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാത്തതെന്ന് സമരക്കാർ ചോദിച്ചു. ഏഴിന ആവശ്യങ്ങളിൽ അഞ്ച് ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു എന്നു പറയുന്നത് കള്ളത്തരമാണ്. കോളേജ് വിദ്യാർഥികളുടെ വാഹനമടക്കം തടഞ്ഞതോടെ കാൽനടയായിട്ടാണ് വിദ്യാർത്ഥികൾ കോളേജിലേക്ക് എത്തിയത്. നിരവധി വിമാനയാത്രക്കാർക്കും ബുദ്ധിമുട്ട് നേരിട്ടു. ഓഫീസ് ജോലിക്കാർക്കും സമയത്തെത്താനായില്ല. ആംബുലൻസ് മാത്രമാണ് സമരക്കാർ കടത്തിവിട്ടത്. സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധക്കാർ മാർച്ച് നടത്തി. ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ച വിഴിഞ്ഞം ജംഗ്ഷനിലും മുല്ലൂർ കവാടത്തിലും പ്രതിഷേധമുണ്ടായി. വിവിധ ഫെറോനകളുടെ നേതൃത്വത്തിൽ തുറ മുടക്കിയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ റോഡ് ഉപരോധത്തിന് എത്തിയത്.

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News