ഫോറസ്റ്റ് ഓഫിസിലെ കഞ്ചാവ് വളർത്തൽ:റേഞ്ച് ഓഫീസറുടെ നടപടികളിൽ ദുരൂഹത സംശയിച്ച് വനം വകുപ്പ്

കഞ്ചാവ് പരാതി റിപ്പോർട്ട് ചെയ്ത തിയ്യതികളിൽ പൊരുത്തക്കേടുണ്ടെന്നു വനം വകുപ്പ് ഉന്നതർ

Update: 2024-03-25 06:22 GMT
Advertising

കോട്ടയം: പത്തനംതിട്ട റാന്നി പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസിൽ കഞ്ചാവ് ചെടി നട്ട സംഭവത്തിൽ റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ നടപടികളിൽ ദുരൂഹത സംശയിച്ച് വനം വകുപ്പ്. വനിതാ ജീവനക്കാർ അജയനെതിരെ നൽകിയ പരാതിക്ക് പ്രതികാരമായി കഞ്ചാവ് കേസ് കെട്ടിച്ചമച്ചതെന്ന സംശയത്തിലാണ് വനം വകുപ്പ് അധികൃതർ. ജയന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് കണ്ടെത്തൽ. കഞ്ചാവ് പരാതി റിപ്പോർട്ട് ചെയ്ത തിയ്യതികളിൽ പൊരുത്തക്കേടുണ്ടെന്നും വനം വകുപ്പ് ഉന്നതർ പറയുന്നു. മുമ്പ് കഞ്ചാവ് കേസിൽ പ്രതിയായിരുന്ന പ്രാദേശിക രാഷ്ട്രീയ പ്രവർത്തകന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.

ആരോപണ വിധേയനായ ജീവനക്കാരന്റെ ഒപ്പ് ജയൻ നിർബന്ധിച്ച് മൂന്ന് വെള്ളക്കടലാസുകളിൽ വാങ്ങിയിരുന്നതായി പ്ലാച്ചേരി ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ മൊഴി നൽകി. സംഭവത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വനം വിജിലൻസ് വിഭാഗം കോട്ടയം ഡി.എഫ്.ഒയ്ക്ക് കൈമാറും.

കഴിഞ്ഞ ദിവസമാണ് റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കഞ്ചാവ് വളർത്തിയെന്ന് കാണിച്ചുള്ള എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ട് പുറത്തുവന്നത്. പ്ലാച്ചേരി സ്റ്റേഷനിലെ റെസ്‌ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ സാമുവൽ എന്നിവർ കഞ്ചാവ് ചെടികൾ വളർത്തിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. ഗ്രോ ബാഗിൽ കഞ്ചാവ് ചെടികൾ വളർത്തിയതായാണ് റിപ്പോർട്ടിലുള്ളത്. ആറുമാസം മുമ്പാണ് സംഭവം ഉണ്ടായതെന്നും ഈമാസം 16ന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. സ്റ്റേഷനിലെ വനിതാ ജീവനക്കാരടക്കം മറ്റു വനപാലകർക്ക് വിവരം അറിയാമെന്നും റെസ്‌ക്യൂവർ മൊഴി നൽകിയതായും പറയുന്നു.

സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ചാനൽ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടുവെന്നും എ.പി.സി.സി.എഫ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി.

അതേസമയം, വാർത്തവന്നതോടെ സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ നാട്ടുകാർ കഞ്ചാവ് ചെടികൾ കണ്ടെത്തി. ജീവനക്കാർ നട്ട കഞ്ചാവ് ചെടികൾ നേരത്തെ നീക്കിയിരുന്നുവെങ്കിലും അവയിൽപ്പെട്ട ഒരു ചെടി മരത്തിന് താഴെ നിന്ന് നാട്ടുകാർ കണ്ടെടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ സംഘർഷാവസ്ഥയുണ്ടായി. പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരുമെത്തി.

Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News