'വിലക്ക് കുരിശിൽ തറക്കുന്നതിനുമുൻപുള്ള ചാട്ടവാറടി മാത്രം'; പ്രതികരണവുമായി ഫാ. അജി പുതിയാപറമ്പിൽ
''ആറുമാസമായി സഭയിലെ ജീർണതകൾക്കെതിരായ പോരാട്ടത്തിലാണ്. സഭയ്ക്ക് വേണ്ടിയുള്ള ദൗത്യം തുടരും. ജീർണതയിൽനിന്നു സഭയെ മോചിപ്പിക്കണം.''
കൊച്ചി: താമരശ്ശേരി രൂപതയുടെ വിലക്കിൽ പ്രതികരണവുമായി ഫാദർ അജി പുതിയാപറമ്പിൽ. സഭയിലെ ജീർണതകൾക്കെതിരെ ശബ്ദമുയർത്തിയിരുന്നതായി ഫാ. അജി 'മീഡിയവണി'നോട് പറഞ്ഞു. കുരിശിൽ തറക്കുന്നതിനുമുൻപുള്ള ചാട്ടവാറടിയായി മാത്രമേ ഇപ്പോഴുള്ള വിലക്കിനെ കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നവംബർ പത്തിന് താമരശ്ശേരി രൂപതാംഗം ഫാ. അജി പുതിയാപറമ്പിലിനെതിരെ മത, സാമൂഹിക ഊരുവിലക്ക് ഏർപ്പെടുത്തി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഉത്തരവിറക്കിയിരുന്നു. സഭയ്‌ക്കെതിരായ വിമർശനങ്ങൾക്കു പിന്നാലെയായിരുന്നു നടപടി. ഇതിനു പിന്നാലെ അജിക്കെതിരെ വിചാരണാകോടതി സ്ഥാപിക്കുകയും ചെയ്തു. ഇതിനുശേഷവും പരസ്യവിമർശനം തുടർന്നതോടെയാണ് ഇന്ന് അതിരൂപത മത-സാമൂഹ്യ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ആറുമാസമായി സഭയിലെ ജീർണതകൾക്കെതിരായ പോരാട്ടത്തിലാണെന്ന് അജി പറഞ്ഞു. എല്ലാവരെയും ജീർണത ബാധിച്ചിട്ടില്ല. നല്ല മനസുള്ള പലരും നിശബ്ദരായിരിക്കുന്നു. അവർക്കുകൂടി വേണ്ടിയാണു തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ കാര്യങ്ങളിൽ മാത്രമല്ല, സമൂഹത്തിൽ ഇടപെടുന്നതിലും വിലക്കേർപ്പെടുത്തി. പരിഷ്‌കൃത സമൂഹത്തിന് ദഹിക്കുന്ന വിലക്കല്ല ഇത്. എന്നെ ബുദ്ധിമുട്ടിക്കുക, ഭയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. സഭയ്ക്ക് വേണ്ടിയുള്ള ദൗത്യം തുടരും. ജീർണതയിൽനിന്നു സഭയെ മോചിപ്പിക്കണം. ഇതിനായി ശബ്ദമുയർത്തുകയും എഴുതുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീട്ടുതടങ്കലിനെക്കാൾ അപ്പുറമാണ് ഇപ്പോഴുള്ള വിലക്ക്. വിധി നേരത്തെ രൂപപ്പെടുത്തിയിട്ടുണ്ടാകും. സഭയുടെ നീക്കത്തിനെ ഭയപ്പെടുന്നില്ല. സഭയുടെ ജീർണതയിൽനിന്നു പുറത്തെത്തിക്കാൻ കഴിയും. ജീർണത മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഫാ. അജി പുതിയാപറമ്പിൽ കൂട്ടിച്ചേർത്തു.
Summary: 'Social ban is only scourging before crucifixion'; Fr. Aji Puthiyaparambil responds to the Thamarassery archdiocese's action