ഇന്ധന വില വർധനവ്: സഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്

ഷാഫി പറമ്പിൽ എം.എൽ.എയാണ് സഭയില്‍ നോട്ടീസ് നൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അധിക നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു

Update: 2021-11-02 05:21 GMT
Editor : ijas
Advertising

ഇന്ധന വില വർധനവ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഷാഫി പറമ്പിൽ എം.എൽ.എയാണ് സഭയില്‍ നോട്ടീസ് നൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അധിക നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നരേന്ദ്രമോദി സർക്കാർ കക്കാൻ നടക്കുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന പരിപാടി സംസ്ഥാന സർക്കാർ നിർത്തണമെന്നും കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് സർക്കാരിനെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. വില കൂടിയപ്പോൾ നികുതി വേണ്ടെന്ന് മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനം എടുത്തിരുന്നതായും നാല് തവണ ഇത്തരത്തില്‍ വേണ്ടെന്ന് വെച്ചതായും ഷാഫി പറമ്പില്‍ സഭയെ അറിയിച്ചു. 47 രൂപ 29 പൈസയാണ് പെട്രോളിന്‍റെ അടിസ്ഥാന വില. നിലവില്‍ 67 രൂപ നികുതി കൊടുക്കേണ്ട അവസ്ഥയാണ്. ഇത് സ്റ്റേറ്റ് സ്പോൺസേഡ് നികുതി ഭീകരതയാണ്. കോൺഗ്രസിനെതിരെ പറയുന്നതിൽ പകുതിയെങ്കിലും ബി.ജെപിക്കെതിരെ പറയാൻ ഭരണപക്ഷം തയ്യാറാവണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

കൊച്ചിയിലെ കോണ്‍ഗ്രസ് സമരത്തിനെതിരായ ചലച്ചിത്ര നടന്‍ ജോജുവിന്‍റെ പ്രതിഷേധവും ഷാഫി പറമ്പില്‍ സഭയില്‍ പരാമര്‍ശിച്ചു. ജനങ്ങളുടെ വഴി തടയുന്നതിൽ ആസ്വദിക്കുന്നവരല്ല തങ്ങളെന്നും എന്നാൽ മൗനം പാലിക്കാൻ കഴിയില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

'കേന്ദ്ര നയത്തിനെതിരേ പോരാടണം. അതിനു കൂട്ടു നിൽക്കാൻ കഴിയില്ല. പ്രതിഷേധം ഉയരണം'; ഷാഫി പറമ്പില്‍ പറഞ്ഞു.

അതെ സമയം ഇന്ധന വില വര്‍ധന ഗൗരവമുള്ള വിഷയമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഭയില്‍ മറുപടി നല്‍കി. കേരളത്തിൽ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും പെട്രോൾ വില വർധനവുണ്ട്. കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ സംസ്ഥാനം ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഇന്ധന വില നിയന്ത്രണം പെട്രോളിയം കമ്പനികൾക്ക് നൽകിയത് യു.പി.എ സർക്കാരാണെന്നും കേന്ദ്ര സർക്കാരിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും ധനമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, ഛത്തീസ്‌ഗഢ്, കർണാടക സംസ്ഥാനങ്ങൾ നികുതി വർധിപ്പിച്ചപ്പോള്‍ കേരളം വർധിപ്പിച്ചില്ല. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കർണാടക, പഞ്ചാബ്, രാജസ്ഥാൻ, തെലുങ്കാന സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ നികുതി കൂടുതലാണെന്നും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മഹാരാഷ്ട്രയിലും കേരളത്തേക്കാൾ വളരെ കൂടുതലാണ് പെട്രോൾ വിലയെന്നും ധനമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര നിലപാടിനോട് ശക്തമായ എതിർപ്പുണ്ട്. 251 ശതമാനമാണ് ബി.ജെ.പി പെട്രോൾ നികുതി വർധിപ്പിച്ചത്. ഡീസലിന് 14 മടങ്ങ് വർധിപ്പിച്ചു. ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും സംസ്ഥാനങ്ങൾക്ക് നിൽക്കാനാവാത്ത സ്ഥിതിയാണെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഭയെ അറിയിച്ചു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News