സിസാ തോമസിനെതിരായ കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾ വിലക്കി

സർക്കാർ നോട്ടീസ് ചോദ്യം ചെയ്ത് സിസാ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു

Update: 2023-03-17 14:00 GMT
Editor : afsal137 | By : Web Desk

സിസാ തോമസ്

Advertising

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽക്കാലിക വി.സി സിസാ തോമസിന് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾക്ക് വിലക്ക്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് തീരുമാനം. സർക്കാർ നോട്ടീസ് ചോദ്യം ചെയ്ത് സിസാ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. മാർച്ച് 23 വരെ തുടർ നടപടികൾ പാടില്ലെന്നാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

കഴിഞ്ഞ ദിവസമാണ് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സിസാതോമസ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. സർക്കാർ പറയുന്നതുപോലെ ക്രമവിരുദ്ധമായ നടപടി തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും സിസാ തോമസ് ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ചാൻസറുടെ അറിവോടുകൂടിയാണ് കെ.ടി.യു വിസിയായി ചുമതലയേറ്റത്. അതിനാൽ ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുൾപ്പെടെയുള്ളവർക്ക് നടപടി സ്വീകരിക്കാനാവില്ലെന്നും സിസാ തോമസ് ഹരജിയിൽ പരാമർശിച്ചിരുന്നു. അനുമതി കൂടാതെ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തതിന് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നൽകിയിരുന്നത്. 

നോട്ടീസിലെ ആരോപണങ്ങൾ നിഷേധിച്ച സിസാ തോമസ് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമെന്ന് പറഞ്ഞിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രിയേയും പ്രിൻസിപ്പൽ സെക്രട്ടറിയേയും കാണാൻ ശ്രമിച്ചു. എന്നാൽ മന്ത്രി സ്ഥലത്തില്ലാത്തതിനാൽ കാണാൻ സാധിച്ചില്ലെന്നും സിസാ തോമസ് അറിയിച്ചിരുന്നു. അടുത്തിടെയാണ് സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി സർക്കാർ ഉത്തരവിറക്കിയത്. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു. നേരത്തേ സർക്കാർ ശിപാർശ തള്ളിയാണ് സിസയെ സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതലയിൽ ഗവർണർ നിയമിച്ചത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News