പ്രതിഷേധം കവിതയിലൂടെ; തെരഞ്ഞെടുപ്പ് വീഴ്ചയിലെ പാർട്ടി അന്വേഷണത്തിൽ കവിതയിലൂടെ രോഷം പ്രകടിപ്പിച്ച് ജി. സുധാകരൻ

ചെയ്തതൊക്കെയും നന്ദിയില്ലാത്ത ജോലികള്‍, സ്വപ്നങ്ങളെല്ലാം മാഞ്ഞു; ഇനി തന്‍റെ വഴിയില്‍ നവാഗതര്‍ നടക്കട്ടെ;

Update: 2021-08-08 11:39 GMT
Editor : Nidhin | By : Web Desk
Advertising

തെരഞ്ഞെടുപ്പ് വീഴ്ചയിലെ പാർട്ടി അന്വേഷണത്തിൽ കവിതയിലൂടെ രോഷം പ്രകടിപ്പിച്ച് ജി. സുധാകരൻ. ചെയ്തത് ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയെന്ന് പരിതപിച്ചാണ് കവിത. കഴിവതൊക്കെയും ചെയ്‌തെന്നും ആകാംക്ഷാഭരിതരായ നവാഗതർ ഈ വഴി നടക്കട്ടെ എന്നും പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്.

നേട്ടവും കോട്ടവും എന്ന പേരിൽ കലാകൗമുദിയിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. '' ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നു പറയും'' എന്ന് കവിതയിൽ പറയുന്ന ജി. സുധാകരൻ. തെരഞ്ഞെടുപ്പ് വീഴ്ചയിൽ പാർട്ടിയുടെ അന്വേഷണത്തിൽ തനിക്കുള്ള അതൃപ്തി പരോഷമായി പറയുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎമ്മിന്റെ പ്രചാരണത്തിൽ ഗുരുതര വീഴ്ച വന്നിരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി അന്വേഷണം പ്രഖ്യാപിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആ തെളിവെടുപ്പിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സുധാകരനെതിരായാണ് മൊഴി നൽകിയത്. അമ്പലപ്പുഴയിലെ സിപിഎം സ്ഥാനാർഥി എച്ച. സലാമിനെ തോൽപ്പിക്കാൻ ജി. സുധാകരൻ ശ്രമിച്ചു എന്ന രീതിയിലുള്ള പരാമർശങ്ങളും ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് സുധാകരൻ കവിതയിലൂടെ പ്രതികരിച്ചരിക്കുന്നത്. വിഷയത്തിൽ മറ്റൊരു രീതിയിലുള്ള പരസ്യപ്രതികരണത്തിനും അദ്ദേഹം തയാറായിരുന്നില്ല.

കവിതയുടെ അവസാന വരികളായ ' അതിലൊരാങ്ക വേണ്ടെന്നു സ്‌നേഹിതർ കഴിവതൊക്കെയും ചെയ്‌തെന്നു സ്‌നേഹിതർ! ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാഭരിതരായ നവാഗതർ അക്ഷീണ മനസുമായി നവപഥവീഥിയിൽ'' ഇവ ലക്ഷ്യം വയ്ക്കുന്നത് പാർട്ടിയിലെ പുതിയ തലമുറയായ ആരിഫ് എംപിയെ ഉൾപ്പടെയാണെന്നാണ് സൂചന. പാർട്ടിയുടെ യുവതലമുറയിൽ നിന്ന് പോലും തനിക്കെതിരേ മൊഴിയുണ്ടായതിലുള്ള അദ്ദേഹത്തിന്റെ അതൃപ്തിയും വ്യക്തമാക്കുന്നതാണ് ഈ വരികൾ.

അതേസമയം കവിത പുതിയ തലമുറയെ ക്ഷണിക്കുന്നതാണെന്നും ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കവിത നവാഗതർക്ക് എന്നൊരു വരി കൂടെ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.




 


Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News